Don't miss

നോട്ട്‌ നിരോധനം നേട്ടമാക്കി വിപണി: 100% ന് മേല്‍ വളര്‍ച്ച നേടി മുപ്പത്തഞ്ചോളം ഓഹരികള്‍

By on November 8, 2017

മുംബൈ: രാജ്യത്ത് നോട്ട്‌നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. 2016 നവംബര്‍ 8 ന് പ്രധാന മന്ത്രി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം സാധാരണക്കാര്‍ക്ക് മാത്രമല്ല ഓഹരി വിപണിയ്ക്കും ആദ്യം ഞെട്ടലാണ് നല്‍കിയത് . കള്ളപ്പണത്തെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള നീക്കം സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന ആശങ്കയാണ് തുടക്കത്തില്‍ വിപണിയെ പുറകോട്ട് വലിച്ചത്. ഇതെ തുടര്‍ന്ന് നിക്ഷേപകരില്‍ ഉണ്ടായ ഭയം സൂചികകള്‍ കുത്തനെ ഇടിയാന്‍ കാരണമായി.

നവംബര്‍ 8 ന് 27,591.14 ല്‍ ക്ലോസ് ചെയ്ത എസ്& പി സെന്‍സെക്‌സ് തൊട്ടടുത്ത ദിവസം ക്ലോസ് ചെയ്തത് 27,252.53 ലാണ്. നവംബര്‍ 21 ആയപ്പോഴേക്കും സൂചിക 7 ശതമാനത്തോളം ഇടിവ് രേഖപെടുത്തി. അതായത് നവംബര്‍ 8 ന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ 1800 ഓളം പോയിന്റിന്റെ താഴ്ച. എന്നാല്‍, വിപണി തുടക്കത്തിലെ ഇടിവില്‍ നിന്നും ഡിസംബറോടെ തിരിച്ചെത്തി 25700 നിലവാരത്തില്‍ തുടര്‍ന്നു. തുടര്‍ന്ന് ശക്തമായ മുന്നേറ്റമാണ് സൂചികകളില്‍ കാണാന്‍ കഴിഞ്ഞത്. ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ഉയരത്തിലേക്ക് സൂചികകള്‍ എത്തി.

കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ വിദേശ നിക്ഷേപകര്‍ ഉള്‍പ്പടെ പലരും ഇന്ത്യന്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാന്‍ തിടുക്കം കാട്ടിയിരുന്നു. എന്നാല്‍ വിപണി താഴ്ന്നത് അവസരമായി വാങ്ങുന്നതിലായിരുന്നു മറ്റൊരു കൂട്ടരുടെ ശ്രദ്ധ. ഇവര്‍ക്കിപ്പോള്‍ സന്തോഷിക്കാം. കാരണം 2016 നവംബര്‍ 8 ന് ശേഷം ഇതുവരെ എസ് & പി സെന്‍സെക്‌സ് 22 ശതമാനത്തോളം വളരുകയും നിക്ഷേപകരുടെ സമ്പത്തില്‍ 30 ലക്ഷം കോടിയുടെ വളര്‍ച്ച പ്രകടമാവുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എസ്& പി ബിഎസ്ഇ സെന്‍സെക്‌സ് 500 ഇന്‍ഡക്‌സിലെ മുപ്പത്തഞ്ചോളം ഓഹരികള്‍ മികച്ച വളര്‍ച്ച നേടി നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയാക്കാന്‍ സഹായിച്ചു. 1000 ശതമാനം വരെ വളര്‍ച്ച നേടിയ ഓഹരികള്‍ ഇക്കൂട്ടത്തിലുണ്ട്.

കറന്‍സി നിരോധനം നിക്ഷേപകരുടെ സമ്പാദ്യ ശീലത്തില്‍ മാറ്റം വരാന്‍ കാരണമായി എന്നു പറയാം. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്ന ഓഹരി വിപണി പോലുള്ളവയിലേക്ക് മാറാന്‍ ഇത് സാധാരണ നിക്ഷേപകര്‍ക്ക് പ്രേരണ നല്‍കി. നിലവിലെ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന മികച്ച നിക്ഷേപമാര്‍ഗമായി കൂടുതല്‍ പേര്‍ മ്യൂചല്‍ ഫണ്ടുകളെ കണ്ടു തുടങ്ങി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചില്ലറ നിക്ഷേപകരില്‍ നിന്നും മ്യൂചല്‍ ഫണ്ടുകള്‍ വഴി ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം ശക്തമായി.

 

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)