Don't miss

പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തില്‍

By on November 14, 2017

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തിലേക്ക് എത്തി. ഒക്ടോബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 3.59 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 2.6 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധന ഉത്പന്നങ്ങളുടെയും വിലയില്‍ ഉണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കൂടാന്‍ കാരണമായത്.

ഒക്ടോബറില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.23 ശതമാനമായതായി വാണിജ്യ മന്ത്രാലയം പുറത്തു വിട്ട ഏറ്റവും പുതിയ വില കണക്കുകള്‍ പറയുന്നു. അതേ സമയം സെപ്റ്റംബറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം 1.99 ശതമാനം മാത്രമായിരുന്നു. പച്ചക്കറികളുടെ വില സൂചിക 19.9 ശതമാനം ഉയര്‍ന്നു.

മൊത്തം വില സൂചികയുടെ അഞ്ചില്‍ ഒന്നോളം വരുന്ന പ്രാഥമിക വസ്തുക്കളുടെ വിലയില്‍ 3.33 ശതമാനത്തോളം വര്‍ധന ഒക്ടോബറില്‍ പ്രകടമായി. സെപ്റ്റംബറില്‍ 0.15 ശതമാനമായിരുന്നു ഇത്. ഒക്ടോബറില്‍ കമ്മോഡിറ്റി ഇന്‍ഡക്‌സ് 1 ശതമാനവും നിര്‍മ്മിത ഉത്പന്നങ്ങളുടെ വിലസൂചിക 0.26 ശതമാനവും ഉയര്‍ന്നു.