Don't miss

പയര്‍ വര്‍ഗ്ഗങ്ങളുടെ ഇറക്കുമതിയില്‍ 20% വളര്‍ച്ച

By on May 3, 2017

ഉത്പാദനം റെക്കോഡ് ഉയരത്തില്‍

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തേക്കുള്ള പയര്‍ വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി 19.9 ശതമാനം ഉയര്‍ന്നു. 5.67 ദശലക്ഷം ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഇറക്കുമതി ചെയ്തത്. അതേസമയം രാജ്യത്തെ പയര്‍ വര്‍ഗ്ഗങ്ങളുടെ ഉത്പാദനവും റെക്കോഡ് ഉയരത്തിലാണ്.ഉത്പാദനം ഏകദേശം 22.14 ദശലക്ഷം ടണ്‍ ആണ് . ഇതോടെ വിപണിയിലെ പയര്‍ വര്‍ഗ്ഗങ്ങളുടെ ലഭ്യത 27.8 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതേസമയം ശരാശരി ഉപഭോഗം 24 ദശലക്ഷം ടണ്ണാണ്. നിലവിലെ സാഹചര്യം വിപണിയില്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച താഴ്ന്ന താങ്ങ് വിലയ്ക്കു പോലും ധാന്യങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.മാര്‍ച്ച് അവസാനത്തോടെ തുവര പരിപ്പിന് 10 ശതമാനം ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ , ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ചപോലെ സഹായകരമായിട്ടില്ല. 4.47 ദശലക്ഷം ടണ്‍ തുവര പരിപ്പാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ധാന്യങ്ങളുടെ ശേഖരണ പരിധി കുറയ്ക്കാനും കയറ്റുമതി അനുവദിക്കാനും ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും ഇറക്കുമതി ചെയ്യുന്നവരുടെ സംഘടനയായ ഐപിജിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.മൊത്തം ഇറക്കുമതി ചെയ്തിട്ടുള്ള ധാന്യങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം കഴിഞ്ഞ രണ്ട് പാദങ്ങളിലായിട്ടാണ് നടന്നിരിക്കുന്നതെന്ന് ഐപിജിഎ ലഭ്യമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.