Don't miss

പുതിയ രാഹുല്‍ ബ്രിഗേഡില്‍ മലയാളികളില്ല

By on November 27, 2013

മലയാളികള്‍ക്ക്‌ പ്രൊഫഷണലിസം കുറവ്‌
പ്രാദേശിക വാദികള്‍; പണിയെടുക്കുന്നതില്‍ പിന്നില്‍

ദില്ലി : രാഹുല്‍ ബ്രിഗേഡില്‍ മലയാളികള്‍ ഇല്ലാതായി. ഹൈബി ഈഡന്‍ കൂടി പ്രാദേശിക രാഷ്‌ട്രീയത്തില്‍ കേന്ദ്രീകരിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ ക്ലോസ്‌ സര്‍ക്കിളില്‍ മലയാളി സാന്നിദ്ധ്യം നന്നേ പരിമിതമായി.
കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പുതിയ ശീലങ്ങള്‍ പഠിപ്പിക്കുന്ന രാഹുല്‍ ഉള്‍പ്പാര്‍ട്ടിയില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. പാര്‍ട്ടി ഉപാദ്ധ്യക്ഷനായതോടെ കൂടുതല്‍ കണിശക്കാരനാവുകയും ചെയ്‌തു. പാര്‍ലമെന്ററി വ്യാമോഹക്കാരെ പൂര്‍ണ്ണമായും അകറ്റി നിറുത്താനും തുടങ്ങിയിരിക്കുന്നു. പണിയെടുക്കുന്നവരെ തെരഞ്ഞു പിടിച്ച്‌ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുവാനും തുടങ്ങിയിട്ടുണ്ട്‌. പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണത്രെ കോണ്‍ഗ്രസ്‌ രാജകുമാരന്‌ കൂടുതല്‍ പഥ്യം. ഇങ്ങോട്ട്‌ ആവശ്യപ്പെടുന്നത്‌ കൊടുക്കില്ല. അപ്രതീക്ഷിതമായി അങ്ങോട്ട്‌ നല്‍കുകയും ചെയ്യും.
തമിഴ്‌നാട്ടില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇലക്ഷന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചുമതലകള്‍ നിര്‍വ്വഹിച്ച മലയാളി സൂരജിന്‌ എ ഐ സി സി സെക്രട്ടറി സ്ഥാനം നല്‍കിയത്‌ സമീപകാല ഉദാഹരണമത്രെ.
കഴിഞ്ഞവട്ടം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി ചെറുപ്പക്കാര്‍ക്ക്‌ അവസരം കിട്ടിയത്‌ രാഹുലിന്റെ പിടിവാശിയിലായിരുന്നു. പ്രത്യേകിച്ച്‌ ചാലക്കുടിയില്‍ മത്സരിച്ച കെ ടി ബെന്നിക്കും മറ്റും.
യൂത്ത്‌ കോണ്‍ഗ്രസ്സിലെ ശ്രദ്ധേയ വനിതകളിലൊരാളായ ജെബി മേത്തറിനെപ്പോലുള്ളവര്‍ ദേശീയ നേതൃത്വത്തിലേക്ക്‌ എത്താനും സാധ്യതയുണ്ട്‌. റിപ്പോര്‍ട്ടിങ്‌ സംവിധാനം മള്‍ട്ടി നാഷണല്‍ കമ്പനികളുടേതുപോലെ യൂത്ത്‌ കോണ്‍ഗ്രസ്സില്‍ നടപ്പാക്കിയതോടെ നേതൃ ശേഷിയും പ്രവര്‍ത്തന മികവുമില്ലാത്തവര്‍ക്ക്‌ നിലനില്‍പ്പില്ലാതായിട്ടുണ്ട്‌. കേരളത്തിലെ യുവതുര്‍ക്കികളില്‍ പലര്‍ക്കും രാഹുലിന്റെ ഗുഡ്‌ ലിസ്റ്റില്‍ നിന്ന്‌ സ്ഥാനം നഷ്‌ടപ്പെട്ടതായാണ്‌ സൂചന. ടി സിദ്ദിക്ക്‌, പി സി വിഷ്‌ണുനാഥ്‌, ഷാഫി പറമ്പില്‍, ടി ലിജു എന്നിവരൊന്നും ദേശീയ തലത്തില്‍ പരിഗണിക്കപ്പെടാതായി. ഇവര്‍ കടുത്ത പ്രാദേശിക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതാണത്രെ കാരണം. മലയാളി യുവനേതാക്കളെക്കുറിച്ചുള്ള രാഹുലിന്റെ അഭിപ്രായങ്ങളിലൊന്ന്‌ `നന്നായി പണിയെടുക്കാത്തവര്‍’ എന്നാണ്‌.