Don't miss

പേടിഎം പേയ്‌മെന്റ് ബാങ്ക് മെയ് 23ന് പ്രവര്‍ത്തനം ആരംഭിക്കും

By on May 17, 2017
paytm

വാലറ്റ് ബിസിനസ്സ് പുതിയ കമ്പനിയിലേക്ക് മാറ്റും

ന്യൂഡല്‍ഹി: പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്ക് മെയ് 23 ന് പ്രവര്‍ത്തനം
ആരംഭിക്കും. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി കഴിഞ്ഞതായി
കമ്പനി അറിയിച്ചു. പോയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്തിമ അനുമതിയും കമ്പനിയ്ക്ക് ലഭിച്ചു.
കമ്പനിയുടെ വാലറ്റ് ബിസിനസ്സ് പേയ്‌മെന്റ് ബാങ്ക് ലൈസന്‍സിന്റെ കീഴില്‍
തുടങ്ങുന്ന പുതിയ കമ്പനിയിലേക്ക് മാറ്റും. 218 ദശലക്ഷം മൊബൈല്‍ വാലറ്റ്
ഉപയോക്താക്കള്‍ നിലവില്‍ കമ്പനിയ്ക്കുണ്ട്. വിജയ്‌ശേഖര ശര്‍മ്മയുടെ
ഉടമസ്ഥതയിലുള്ള വണ്‍97 കമ്യൂണിക്കേഷന്‍സാണ് പേടിഎം
പ്രവര്‍ത്തിപ്പിക്കുന്നത്.
മെയ് 23 ന് ശേഷം പേടിഎം വാലറ്റ് പുതിയ കമ്പനിയായ
പിപിബിഎലിലേക്ക് (പേടിഎം പേമെന്റ് ബാങ്ക് ലിമിറ്റഡ്) മാറ്റും .
ഉപയോക്താവിന് ഇതില്‍ താല്‍പര്യം ഇല്ല എങ്കില്‍ പേടിഎമ്മിനെ അത്
അറിയിക്കാം, വാലറ്റിലുള്ള ബാലന്‍സ് ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റി
നല്‍കും. ഇത് സംബന്ധിച്ചുള്ള ആശയവിനിമയം മെയ് 23 ന് മുമ്പായി
നടത്തിയിരിക്കണം. കഴിഞ്ഞ ആറ് മാസമായി ഉപയോഗിക്കാതിരിക്കുന്ന
വാലറ്റ് നിഷ്‌ക്രിയമായിരിക്കും. ഉപയോക്താവ് പ്രത്യേകം അനുമതി
നല്‍കിയെങ്കില്‍ മാത്രമെ ഇത്തരം അക്കൗണ്ടുകള്‍ പുതിയ കമ്പനിയിലേക്കു മാറ്റു.
വ്യക്തികളില്‍ നിന്നും ചെറുകിട ബിസിനസ്സുകളില്‍ നിന്നും ഒരു ലക്ഷം
രൂപവരയുള്ള നിക്ഷേപം പേയ്‌മെന്റ് ബാങ്കുകള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം
ദീപാവലിയോടു കൂടി പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു പേടിഎം
ലക്ഷ്യമിട്ടിരുന്നത്. 2015 ലാണ് ആര്‍ബിഐ പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍
പേടിഎമ്മിന് തത്വത്തില്‍ അനുമതി നല്‍കുന്നത്. മറ്റ് പത്ത് ക്പനികള്‍ക്ക്
കൂടി ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു.
സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ ചെറു
ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്‌മെന്റ് ബാങ്കുകള്‍ക്കും അനുമതി നല്‍കി
തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മൊത്തം 21 സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി
നല്‍കി. ഇതില്‍ 11 എണ്ണം പേയ്‌മെന്റ് ബാങ്കുകള്‍ക്കുള്ള അനുമതി ആയിരുന്നു.
ടെക് മഹീന്ദ്ര, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി,
ഐഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ പിന്നീട് ഇതില്‍ നിന്നും പിന്‍മാറി.
നിലവില്‍ എയര്‍ടെല്ലും ഇന്ത്യന്‍ തപാല്‍ വകുപ്പും മാത്രമാണ് പേയ്‌മെന്റ്
ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ആദ്യ പകുതയില്‍ തന്നെ
ആദിത്യ ബിര്‍ള ഐഡിയ പേയ്‌മെന്റ് ബാങ്ക് സേവനം തുടങ്ങും എന്നാണ്
പ്രതീക്ഷിക്കുന്നത്.
പേടിഎം പേയ്മന്റ് ബങ്കിന്റെ ഭൂരിഭാഗം ഓഹരികളും വിജയ് ശേഖര
ശര്‍മ്മയും കൈവശം ആയിരിക്കും ശേഷിക്കുന്ന ഓഹരികള്‍ ആലിബാബയുടെ
പിന്തുണയുള്ള വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ കൈവശമായിരിക്കും. ചൈനീസ്
കമ്പനിയായ ആലിബാബയ്ക്ക് പേയ്‌മെന്റ് ബാങ്കില്‍ നേരിട്ട് ഓഹരി ഉടമസ്ഥത
ഉണ്ടായിരിക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)