Don't miss

“പോലീസിനും വേണം ആരോഗ്യസംരക്ഷണം”; ആസ്റ്റര്‍ മെഡ്‌സിറ്റി കേരള പോലീസും സ്വസ്തി ഫൗണ്ടേഷനുമായി കൈകോർക്കുന്നു

By on January 16, 2017
കൊച്ചി: കേരള പോലീസും സ്വസ്തി ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി ചേര്‍ന്ന് ‘രക്ഷക രക്ഷ’ എന്ന പേരില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനായി ക്യാംപുകള്‍നടത്തുന്നു. രക്ഷക രക്ഷയുടെ ഉദ്ഘാടനം സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സ്വസ്തി ഫൗണ്ടേഷന്‍ ബ്രാന്‍ഡ് അംബാസഡര്‍ മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാന്‍സര്‍ വിദഗ്ദ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് സ്‌ക്രീനിംഗും ചെക്കപ്പും സംഘടിപ്പിക്കുന്നത്.
ജോലിയുടെ അധിക സമ്മര്‍ദ്ദം ഏറ്റുവാങ്ങേണ്ടി വരുന്ന പോലീസുകാര്‍ക്ക് ജീവിതശൈലീ രോഗങ്ങളായ അമിത രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ഉയര്‍ന്ന തോതിലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍, ഹൃദ്രോഗങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. അത്യധികമായ സമ്മര്‍ദ്ദവും മറ്റ് ഘടകങ്ങളും മൂലം കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള അധികസാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും വിജയകരമായി രോഗചികിത്സ നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ചെക്കപ്പുകള്‍ നടത്തേണ്ടതാണെന്ന് ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.