പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; രാജ്യത്തെ ബാങ്കിംഗ് മേഖലയെ മോദി തകര്‍ത്തു, നോട്ട് ക്ഷാമത്തിന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിന് തന്നെ

By on April 17, 2018

ന്യൂഏജ് ന്യൂസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി സര്‍ക്കാര്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ട് ക്ഷാമത്തിന് ഉത്തരവാദിയും പ്രധാനമന്ത്രി തന്നെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത പണം മുഴുവന്‍ നരേന്ദ്ര മോദി നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. നീരവ് മോദി 30,000 കോടി രൂപയുമായി രാജ്യത്ത് നിന്ന് കടന്നുകളഞ്ഞിട്ടും നരേന്ദ്രമോദി മൗനം പാലിച്ചുവെന്നും രാഹുല്‍ ഗാന്ധി അമേത്തിയില്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഭയമാണ്. അത് റഫേല ഇടപാടിലായാലും നീരവ് മോഡി വിഷയത്തിലായാലും. പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ മോഡി എഴുന്നേല്‍ക്കില്ല. പതിനഞ്ച് മിനിറ്റെങ്കിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാലും അദ്ദേഹം എഴുന്നേല്‍ക്കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ട് ക്ഷാമത്തെക്കുറിച്ച്‌ കവിത രൂപത്തിലൊരു പരിഹാസക്കുറിപ്പും അദ്ദേഹം ഇന്ന് ട്വീറ്റ് ചെയ്തു. നോട്ട് നിരോധന കാലഘട്ടത്തിലെ ജനങ്ങളുടെ ദുരിതവും, നീരവ് മോഡിയും മല്യയും തുടങ്ങി എല്ലാ വിവാദ വിഷയങ്ങളും അദ്ദേഹം തന്‍റെ കവിതയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

രാജ്യം വീണ്ടും നോട്ട് ക്ഷാമം എന്ന തട്ടിപ്പില്‍പെട്ടിരിക്കുകയാണ്. താങ്കളുടെ പണം നീരവ് മോഡിയുടെ പോക്കറ്റിലാണുള്ളത്. എല്ലാം മോദിയുടെ ‘മല്യ’ മായയാണ്. നോട്ട് ക്ഷാമം എന്ന വിപത്ത് വീണ്ടും ആഞ്ഞടിക്കുകയാണ്. രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും ഒഴിഞ്ഞു. രാജ്യത്തെ ബാങ്കുകളെ മോദി സര്‍ക്കാര്‍ ഏത് അവസ്ഥയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ക്യാഷ് ക്രഞ്ച് എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ തന്‍റെ കവിത ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us