Don't miss

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് വി.കെ. രാജശേഖരന്‍ പിള്ളയുടെ കഥ

By on January 18, 2017
V-K-Rajasekharan-Pillai

പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇത്തവണ ഏറ്റുവാങ്ങിയവരിൽ ബഹ്‌റൈനിലെ പ്രവാസി മലയാളി വി.കെ. രാജശേഖരന്‍ പിള്ളയും ഉൾപ്പെടും. മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയാണ്  രാജശേഖരന്‍ പിള്ള.

കുട്ടംപേരൂരിലെ ചക്കനാട്ട് കൃഷ്ണപണിക്കരുടേയും ശാരദാമ്മയുടേയും മകനായ രാജശേഖരന്‍ പത്താം ക്ലാസ് പഠനത്തിനുശേഷം ബോംബെയിലേക്ക് ചേക്കേറിയത് ജീവിത പ്രാരാബ്ധം കൊണ്ടായിരുന്നില്ല. ബോംബെയില്‍ താമസിക്കുന്ന സഹോദരിയുടെ ഭര്‍ത്താവ് വിദേശത്തുപോയ അവസരത്തില്‍ അവര്‍ക്കൊരു കൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978 ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന്‍ പിള്ള പറയുന്നു.

ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് പത്ത് വര്‍ഷത്തോളം ബോബെയിലെ വിവിധ സ്ഥാപനങ്ങളിലായി പലവിധ ജോലികള്‍ ചെയ്തു. അന്നത്തെ ഏതൊരു മലയാളി യുവാവിനേയും പോലെ ഗള്‍ഫ് എന്ന സ്വപ്‌നം രാജശേഖരന്‍ പിള്ളയുടെ മനസ്സിലും മുളപൊട്ടിയിരുന്നു. ഒടുവില്‍ ഒരു പരസ്യ കമ്പനിയില്‍ അസിസ്റ്റന്റ് മീഡിയ മാനേജരായി ജോലി ചെയ്തുവരവേ സൗദിയിലേക്ക് പോകാന്‍ അവസരം ലഭിച്ചു.

സൗദിയിലെത്തിയ അദ്ദേഹം അധികം താമസിയാതെ തന്നെ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചു. ‘നജിഡ്‌സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്ലൈസ്’ എന്ന കമ്പനി തുടങ്ങിക്കൊണ്ടായിരുന്നു അത്. അഗ്‌നി സുരക്ഷാ സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന അന്താരാഷ്ട്ര പ്രശസ്തമായ അമേരിക്കന്‍ ഏജന്‍സിയുടെ അംഗീകാരം നേടിയെടുത്തതോടെ വളര്‍ച്ച ദ്രുതഗതിയിലായി. പിന്നീട് 2002 ലാണ് ബഹ്‌റൈനിലേയ്ക്ക് താമസം മാറുന്നത്. അവിടെ ‘നാഷണല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി’ എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് ‘നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനി’ എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. ഇന്ന് ബഹ്‌റനിലെ ഫയര്‍ ഫൈറ്റിംഗ് രംഗത്തെ പകരക്കാരില്ലാത്ത സ്ഥാപനമാണ് നാഷണല്‍ ഗ്രൂപ്പ്.

ബഹ്‌റൈനിലെ എല്ലാ പ്രമുഖ വ്യാവസായിക മേഖലകളിലും നാഷണല്‍ ഗ്രൂപ്പ് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ഈ വിജയം രാജശേഖരന്‍ പിള്ളയെ പുതിയ പല മേഖലകളിലേയ്ക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് സഹായിച്ചു. ബഹ്‌റൈന്‍, യു.എ.ഇ, സിങ്കപ്പൂര്‍, ബ്രിട്ടന്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ക്ക് പുറമേ സ്വന്തം നാട്ടിലും രാജശേഖരന്‍ പിള്ള ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. മലയാളികളടക്കം ആയിരത്തോളം പേര്‍ വിദേശ രാജ്യങ്ങളില്‍ മാത്രം അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തുവരുന്നു.

രവിപിള്ള ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇതിനു മുമ്പ് ബഹറൈനില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചിട്ടുള്ളത്.