ഫേസ്ബുക്ക് കാശുണ്ടാക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത വിറ്റിട്ടെന്ന് സ്‌നോഡന്‍

By on March 20, 2018

സിഐഎയുടെ ചങ്കുപിടപ്പിച്ച രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ എഡ്വാര്‍ഡ് സ്‌നോഡന്‍ ഫേസ്ബുക്കിനെതിരെ രംഗത്ത്. ഫേസ്ബുക്ക് വെറും നിരീക്ഷണ കമ്പനിയാണെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റാണ് പണമുണ്ടാക്കുന്നതെന്നും സ്‌നോഡന്‍ ആരോപിച്ചു.
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ അനാലിസിസ് സ്ഥാപനം ഫേസ്ബുക്കില്‍ നിന്നും അനധികൃതമായി സ്വരൂപിച്ച ഡാറ്റ ഡിലീറ്റ് ചെയ്തില്ലെന്ന പേരില്‍ ഇവരെ സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ വെളിച്ചത്തിലാണ് സ്‌നോഡന്റെ പ്രതികരണം. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും, വില്‍ക്കുകയും ചെയ്യുന്നവരെ നിരീക്ഷണ കമ്പനികളെന്ന് മാത്രമെ വിളിക്കാന്‍ സാധിക്കൂ, അദ്ദേഹം പറഞ്ഞു.
യുദ്ധ വകുപ്പ് പ്രതിരോധ വകുപ്പായി മാറിയത് പോലെയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ സോഷ്യല്‍ മീഡിയ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ ജീവിതം വിറ്റാണ് ഫേസ്ബുക്ക് പണമുണ്ടാക്കുന്നത്. അതേസമയം സൈക്കോളജിക്കല്‍ റിസേര്‍ച്ച് ടൂളായി ഉപയോഗിച്ച ഫേസ്ബുക്ക് ആപ്പ് വഴിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ കൈക്കലാക്കിയതെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.2016 യുഎസ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിന്റെ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.

Follow Us