Don't miss

ഫേസ്ബുക്കിന്റെ ലാഭം 76.6 % ഉയര്‍ന്നു

By on May 4, 2017

ഉപയോക്താക്കളുടെ എണ്ണം 2ബില്യണിന് അടുത്ത്

ബംഗളൂരു: ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഫേസ്ബുക്ക് ലാഭത്തില്‍ 76.6 ശതമാനം വര്‍ധന രേഖപെടുത്തി. മൊബൈല്‍ പരസ്യ ബിസിനസ്സ് മികച്ച വളര്‍ച്ച നേടിയത് ലാഭം ശക്തമാക്കാന്‍ കമ്പനിയ്ക്ക് പിന്തുണ നല്‍കി. അതേസമയം പ്രതീക്ഷിച്ചതിലും മികച്ച ലാഭം നേടിയിട്ടും ഫേസ്ബുക്കിന്റെ ഓഹരികളില്‍ ഇടിവാണ് പ്രകടമായത്. മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 1.94 ബില്യണ്‍ ആളുകള്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നതായി ഫേ്‌സ് ബുക്ക് അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതിമാസം ശരാശരി 1.91 ബില്യണ്‍ സജീവ ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഉള്ളത്.മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ മൊത്തം പരസ്യ വരുമാനമായ 7.86 ബില്യണ്‍ ഡോളറിന്റെ 85 ശതമാനത്തോളം മൊബൈല്‍ പരസ്യ വരുമാനത്തില്‍ നിന്നാണ്.ഈ വര്‍ഷം ആഗോളതലത്തില്‍ 31.94 ബില്യണ്‍ ഡോളര്‍ പരസ്യ വരുമാനം നേടാന്‍ കഴിയുമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42.1 ശതമാനം വര്‍ധന.ഒന്നാം പാദത്തില്‍ ഫേസ്ബുക്കിന്റെ ഓഹരി ഉടമകളുടെ അറ്റ വരുമാനം പ്രതി ഓഹരി 1.04 ഡോളര്‍ ആയി ഉയര്‍ന്നു.കമ്പനിയുടെ മൊത്തം വരുമാനം 5.38 ബില്യണ്‍ ഡോളറില്‍ നിന്നും 8.03 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.