ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും ഇനി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്

By on March 21, 2018

പോയ വര്‍ഷം നവംബര്‍ മാസമാണ് പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അന്ന് ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തിന് ഫോര്‍ഡ് നല്‍കിയത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രം. ടൈറ്റാനിയം പ്ലസില്‍ മാനുവല്‍ ഗിയര്‍ബോക്‌സിനെ നല്‍കാത്ത ഫോര്‍ഡിന്റെ നടപടിയില്‍ ഉപഭോക്താക്കള്‍ തുടക്കം മുതല്‍ക്കെ അതൃപ്തി പ്രകടമാക്കിയിരുന്നു. എന്തായാലും ഉപഭോക്താക്കളുടെ ആവശ്യം ഫോര്‍ഡ് ഇന്ത്യ ഒടുവില്‍ മാനിച്ചു.
ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തില്‍ ഇനി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാണ്. 10.47 ലക്ഷം രൂപയാണ് അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്ള പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.താഴ്ന്ന വകഭേദങ്ങളെ അപേക്ഷിച്ച് പ്രീമിയം ഫീച്ചറുകളുടെ ബാഹുല്യമാണ് ടൈറ്റാനിയം പ്ലസില്‍. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 17 ഇഞ്ചു അലോയ് വീലുകള്‍ എന്നീവ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് വേരിയന്റില്‍ എടുത്തുപറയണം.
ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, റിയര്‍വ്യൂ ക്യാമറ എന്നിവയും കോമ്പാക്ട് എസ്‌യുവിയുടെ വിശേഷങ്ങളാണ്. ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിന്റെ അകത്തളത്തില്‍ ഫോര്‍ഡിന്റെ SYNC 3 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് പ്രധാന ആകര്‍ഷണം. വോയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

Follow Us