Don't miss

ഫ്യൂചര്‍ റീട്ടെയില്‍ ഹൈപ്പര്‍സിറ്റി ശൃംഖല ഏറ്റെടുക്കും

By on October 6, 2017
h1

മുംബൈ: കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചര്‍ റീട്ടെയില്‍ ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ നഷ്ടത്തിലായ റീട്ടെയില്‍ ശൃംഖലയായ ഹൈപ്പര്‍ സിറ്റി ഏറ്റെടുക്കും. ഇടപാടിന്റെ മൊത്തം മൂല്യം ഏകദേശം  655 കോടി രൂപയോളം വരും. അടുത്ത 3-5 മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ ഹൈപ്പര്‍സിറ്റി റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് ഫ്യൂചര്‍ റീട്ടെയിലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറും. ഏറ്റെടുക്കലിന്റെ ഭാഗമായി പ്രതി ഓഹരി 535 രൂപ നിരക്കില്‍  രണ്ട് രൂപ മുഖ വിലയുള്ള 9.310 ദശലക്ഷം ഓഹരികള്‍ ഹൈപ്പര്‍സിറ്റിയ്ക്ക്  അനുവദിക്കുമെന്ന് ഫ്യൂചര്‍ റീട്ടെയില്‍ അറിയിച്ചു. ഓഹരികളുടെ മാത്രം മൂല്യം ഏകദേശം 500 കോടിയോളം വരും. ശേഷിക്കുന്ന 155 കോടി പണമായി നല്‍കാനാണ് തീരുമാനം. ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ഓഹരി ഉടമകള്‍ അനുമതി നല്‍കുന്നതിന് അനുസൃതമായിട്ടായിരിക്കും ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുക. ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് ഒക്ടോബര്‍ 13 ന് ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഫ്യൂചര്‍ റീട്ടെയില്‍ നടത്തുന്ന നാലാമത്തെ പ്രമുഖ ഏറ്റെടുക്കലാണിത്.