ബാങ്ക്‌ ഓഫ്‌ ബറോഡ ലാഭവിഹിതം പ്രഖ്യാപിച്ചു ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ലഭ്യമാക്കും

By on June 25, 2015

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക്‌ ഓഫ്‌ ബറോഡ 2014-2015 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ബാങ്ക്‌ ലാഭ വിഹിതം ലഭ്യമാക്കും.
രണ്ട്‌ രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്‌ 3.20 രൂപ വീതം ലാഭ വിഹിതം ലഭ്യമാക്കാന്‍ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ബാങ്ക്‌ ഓഫ്‌ ബറോഡ മാനേജിങ്‌ ഡയറക്ടര്‍ രഞ്ചന്‍ ധവാന്‍ പറഞ്ഞു. ബാങ്കിന്റെ വാര്‍ഷിക പൊതു യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.
രാജ്യത്തെ സാമ്പത്തിക സാഹചര്യം പ്രതികൂലമായിരുന്നിട്ടും ബാങ്കിന്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ കഴിഞ്ഞതായി ധവാന്‍ ഓഹരി ഉടമകളെ അറിയിച്ചു. ഇതര വിതരണ മാര്‍ഗം പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ ഉപഭോക്താക്കള്‍ക്ക്‌ മികച്ച സേവനം ലഭ്യമാക്കാന്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുള്ള വിവിധ നടപടികള്‍ ബാങ്ക്‌ സ്വീകരിച്ചതായി ധവാന്‍ പറഞ്ഞു.
നിലവില്‍ 145 രൂപ നിരക്കില്‍ വ്യാപാരം നടത്തുന്ന ബാങ്ക്‌ ഓഫ്‌ ബറോഡ ഓഹരികളുടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ 231.50 രൂപയും താഴ്‌ന്ന നിരക്ക്‌ 101.80 രൂപയുമാണ്‌. മാര്‍ച്ച്‌ 2015 ന്‌ അവസാനിച്ച പാദത്തിലെ കണക്കുകളനുസരിച്ച്‌ ബാങ്കിന്റെ 12 മാസത്തെ പ്രതിഓഹരി വരുമാനം 15.32 രൂപയാണ്‌. ഓഹരിയുടെ പി/ഇ അനുപാതം 9.49 ആണ്‌. കമ്പനിയുടെ ബുക്ക്‌ വാല്യു പ്രതി ഓഹരി 179.62 രൂപയുമാണ്‌.

Follow Us