Don't miss

ഭൂവിനിയോഗം കൃത്യമായറിയാന്‍ ഡ്രോണ്‍ സംവിധാനം വരുന്നു

By on February 14, 2018

തിരുവനന്തപുരം : റീസര്‍വെ പൂര്‍ത്തിയാക്കാനും ഭൂവിനിയോഗം കൃത്യമായി അറിയാനും ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഥലങ്ങളുടെ വ്യക്തവും കൃത്യവുമായ വീഡിയോ ചിത്രങ്ങള്‍ എടുക്കുക വഴി ഭൂവിനിയോഗം തിരിച്ചറിയാനാകുന്ന സാങ്കേതികവിദ്യ കരസ്ഥമാക്കാന്‍ കെസ്‌റെക് (കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍) നടപടി തുടങ്ങി.
റൂര്‍ക്കി ഐ.ഐ.ടിയിലെ പ്രഫസര്‍ കമല്‍ ജയിന്‍ വികസിപ്പിച്ച സാങ്കേതികവിദ്യ കേരളത്തിന്റെ സാഹചര്യത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.
റവന്യു, തദ്ദേശ ഭരണം, കൃഷി, വനം വകുപ്പുകളിലെ റീസര്‍വേ, വനം സര്‍വേ, നെല്‍വയല്‍ സര്‍വേ, തരിശുഭൂമി സര്‍വേ, റെയില്‍വേ സര്‍വേ എന്നിവയ്ക്കു പുറമേ തദ്ദേശസ്ഥാപനങ്ങളുടെ ഭവനപദ്ധതികള്‍, െകെയേറ്റം കണ്ടെത്തല്‍, കണ്ടല്‍ക്കാടുകളുടെ വിസ്തീര്‍ണം അളക്കല്‍, വന്യമൃഗങ്ങളുടെ കണക്കെടുപ്പ് എന്നിവയ്ക്കും ഡ്രോണുകള്‍ ഉപയോഗിക്കാനാകും. വഴികള്‍, അതിരുകള്‍, ഫഌറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം, ജലാശയങ്ങള്‍ തുടങ്ങിയവയുടെ തെളിമയാര്‍ന്ന ചിത്രങ്ങളും വീഡിയോകളും എടുക്കാനാകും. ചതുരശ്ര കിലോമീറ്ററിന് 5000 രൂപയില്‍ താഴെയേ ചെലവുവരൂ.
നിലവില്‍ റീസര്‍വേ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനങ്ങളെല്ലാം ചെലവേറിയതാണ്. ചെയിന്‍ സര്‍വേ മുതല്‍ ടോട്ടല്‍ സ്‌റ്റേഷന്‍, ഉപഗ്രഹചിത്രം, ലേസര്‍ സാങ്കേതികവിദ്യ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ലിഡാര്‍ വരെയുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലിഡാര്‍ സംവിധാനത്തിന് ചതുരശ്ര കിലോമീറ്ററിന് 50,000 രൂപ വരെയാണു ചെലവ്. ഉപഗ്രഹചിത്രം വഴി ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകില്ല. ആകാശക്കാഴ്ചയില്‍ നിന്നായതു കൊണ്ട് മരങ്ങള്‍ ഭൂമിയുടെ ദൃശ്യങ്ങള്‍ മറയ്ക്കും. ടോട്ടല്‍ സ്‌റ്റേഷന്‍ കൊണ്ട് നിലവിലെ റീസര്‍വേ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍വേയര്‍മാരുടെ കുറവും ജോലിഭാരവും കാരണം ചെയിന്‍ സര്‍വേകള്‍ ഇപ്പോള്‍ നടത്താറില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണ് ഡ്രോണുളെപ്പറ്റി ചിന്തിച്ചത്.കോര്‍പ്പറേഷന്‍ അനുമതി നല്‍കുന്ന ബ്ലൂ പ്രിന്റ് പ്രകാരമാണോ കെട്ടികങ്ങളുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ഡ്രോണ്‍ വഴി അറിയാനാകും. കെട്ടിടങ്ങള്‍ക്കിടയിലും ഇടുങ്ങിയ വഴികളിലും വന്‍മരങ്ങള്‍ക്കു താഴെയുമൊക്കെ ഡ്രോണുകളെ ഉപയോഗിക്കാന്‍ കഴിയും. വീടുകള്‍, വ്യവസായ കെട്ടിടങ്ങള്‍, പുറമ്‌ബോക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ വേര്‍തിരിച്ചറിയാനാകും. ഏറെപ്പേരുടെ സേവനവും വേണ്ടിവരില്ല.

Follow Us