Don't miss

മണം മാത്രമല്ല, ലക്ഷങ്ങളും തരും മുല്ലപ്പൂക്കള്‍

By on January 30, 2018

മുല്ലക്കര്‍ഷകര്‍ക്കിപ്പോള്‍ മുല്ല ശരിക്കും ‘ദൈവത്തിന്റെ സമ്മാനമാണ്’, അതിന്റെ പേരു പോലെത്തന്നെ. റെക്കോഡ് വിലയാണ് ഈ കല്യാണ സീസണില്‍. ഒരുവര്‍ഷം കേരളത്തില്‍ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടിയുടെ മുല്ലപ്പൂക്കളാണ്. സുഗന്ധം പരത്തുന്ന പൂക്കളില്‍ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുന്‍പുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കള്‍. 250ല്‍പ്പരം ഇനങ്ങളുള്ള ഒലിയേസ്യേ കുടുംബത്തില്‍പ്പെട്ട ജാസ്മിനം എന്ന ശാസ്ത്രനാമത്തില്‍ വരുന്ന ചെടിയാണ് മുല്ല. ഭാരതത്തില്‍ ഇതിന്റെ 40 ഓളം ജനുസുകള്‍ കണ്ടുവരുന്നു.
സംസ്‌കൃതത്തില്‍ മല്ലിക, ഹിന്ദിയില്‍ മോഗ്ര, തമിഴില്‍ മുല്ലൈ, മല്ലിക, എന്നിങ്ങനെ പറയപ്പെടുന്ന മുല്ലയുടെ ഇംഗ്ലീഷ് വാക്കായ ജാസ്മിന്‍ എന്നത് പേര്‍ഷ്യന്‍ വാക്കായ യാസിന്‍ എന്നതില്‍ നിന്നാണ് വന്നത്. യാസിന്‍ എന്നതിന് അര്‍ത്ഥം ദൈവത്തിന്റെ അനുഗ്രഹം എന്നാണ്. ഇന്ത്യയില്‍ ഏകദേശം 100000 ഹെക്ടര്‍ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതില്‍ പ്രധാനമായും തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളിലാണ്.

മുല്ലയുടെ തരങ്ങള്‍

കുറ്റിമുല്ല
കുറ്റിമുല്ലയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇത് അറേബ്യന്‍ മുല്ല, ടസ്‌കന്‍ മുല്ല എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും പൂവ് തരുന്ന ഇനമാണിത്. ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്റെ ഇനങ്ങള്‍
കോയമ്പത്തൂര്‍ മുല്ല
തമിഴ്‌നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന അത്ര മണമില്ലാത്ത തരം മുല്ലയാണിത്. സി.ഒ.1, സി.ഒ.2 ഇനങ്ങളും ലോങ് പോയന്റ്, ലോങ്‌റൗണ്ട്, ഷോര്‍ട്ട് പോയന്റ് , ഷോര്‍ട്ട് റൗണ്ട് എന്നിങ്ങനെയാണ് ഇതിന്റെ ഇനങ്ങള്‍. ജാസ്മിനം ഒറിക്കുലേറ്റം എന്നാണിതിന്റെ ശാസ്ത്രനാമം.

കൃഷിരീതി

മുല്ല നന്നായി മൊട്ടിട്ട് പൂക്കാന്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. തണലില്‍ വളരുന്നവ നന്നായി പടര്‍ന്നാലും മൊട്ടുകള്‍ തീരേ കുറവായിരിക്കും. നല്ല നീര്‍വാര്‍ച്ചയുള്ളതും പശിമരാശിയില്‍പെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം. മുരട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എന്നാല്‍ കളിമണ്ണ് നന്നായി കലര്‍ന്ന മണ്ണില്‍ പൂക്കള്‍ കുറയും. തൈകള്‍ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്ബ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 3040 കിലോ തോതില്‍ കാലിവളമോ കമ്‌ബോസ്‌റ്റോ ചേര്‍ത്തിളക്കിനിരപ്പാക്കണം. അമഌഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം.
40 സെമീ നീളം, വീതി, ആഴം എന്നിങ്ങനെയുള്ള കുഴികളാണ് എടുക്കേണ്ടത്. കുറ്റിമുല്ലയ്ക്ക് ഒന്നര മീറ്ററും മറ്റുള്ളവയ്ക്ക് ഒന്നേമുക്കാല്‍ മീറ്ററും അകലം ചെടികള്‍ തമ്മില്‍ നല്‍കാം. വേരുപിടിച്ച കമ്ബുകള്‍ ജൂണ്‍ഓഗസ്റ്റ് മാസങ്ങളിലായി നടാം. നന്നായി നന കിട്ടുകയാണെങ്കില്‍ മറ്റുമാസങ്ങളിലും നടാവുന്നതാണ്. ചെടിയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പുലര്‍കാലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും പകല്‍കാലങ്ങളില്‍ ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കരുത്. നട്ട് ഒരു മാസമായാല്‍ ഇടയിളക്കി കളകള്‍ പിഴുതു മാറ്റണം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. അഞ്ച് ആറ് ഇലകള്‍ വന്നുകഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വര്‍ധിപ്പിക്കും. ശിഖരം പൊട്ടുമ്‌ബോഴും പൂവിടുമ്‌ബോഴും നനയ്ക്കല്‍ നിര്‍ബന്ധമാണ്.
പതിനഞ്ചുദിവസം കൂടുമ്‌ബോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നരാടന്‍ നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

തൈ തയ്യാറാക്കാം

കമ്ബ് മുറിച്ചു നട്ടും പതിവെച്ചുമാണ് സാധാരണ തൈകള്‍ തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പം ചെയ്യാവുന്നതാണ് കമ്ബ് മുറിച്ചുനടുന്ന രീതി. മഴക്കാലത്താണ് ഇങ്ങനെ കമ്ബുകള്‍ക്ക് വേരു പിടിപ്പിക്കുന്നത്. കമ്ബ് മുറിച്ചുനടുമ്‌ബോള്‍ എളുപ്പം വേരുപിടിക്കാന്‍ സഹായിക്കുന്ന ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡോ, നാഫ്തലിന്‍ അസറ്റിക് ആസിഡോ 5000 പി.പി.എം എന്നതോതില്‍ കലക്കിയ ലായനിയില്‍ മുക്കിവെച്ചതിന് ശേഷം നട്ടാല്‍ വേഗം വേരു പിടിക്കും.
മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നത്. ഒരുവര്‍ഷത്തില്‍ താഴെ പ്രായമുള്ള പാര്‍ശ്വശാഖകള്‍ മണ്ണിലേക്ക് വളച്ചുവെച്ച് മണ്ണിട്ടുമുടി വേരുപിടിപ്പിച്ച് വെട്ടിയെടുക്കാം.

ചാക്കിലും ചട്ടിയിലും

കുറ്റിമുല്ലകള്‍ ചാക്കിലും ചട്ടിയിലും പിടിപ്പിച്ച് അധികവരുമാനമുണ്ടാക്കുന്ന എത്രയോ വീട്ടമ്മമാരുണ്ട്. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അത് ചട്ടിയിലോ ചാക്കിലോ നിറച്ചതിനുശേഷം ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായം, അന്‍പത്ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ നിറച്ചതിന് ശേഷം ഒരു മുന്നുദിവസം നനച്ചിട്ട് അതില്‍ വേരുപിടിപ്പിച്ച തൈകള്‍ നട്ട് പരിപാലിക്കാം. രണ്ടുവര്‍ഷത്തിനുശേഷം പോട്ടിങ് മിശ്രിതം മാറ്റി ചെടികള്‍ അതിലേക്ക് നട്ടാല്‍ പൂക്കള്‍ കൂടും.

കൊമ്പുകോതണം

കുറ്റിമുല്ലയുടെ കൊമ്ബുകോതല്‍ പ്രധാനമാണ്. നവംബര്‍ഡിസംബര്‍ മാസങ്ങളിലാണ് കൊമ്ബുകോതേണ്ടത്. വളര്‍ച്ച ഇല്ലാത്തതും ഉണക്കം കാണിക്കുന്നതും രോഗം ബാധിച്ചതുമായ കൊമ്ബുകളാണ് വെട്ടിമാറ്റേണ്ടത്. മുറിപ്പാടില്‍ അല്പം ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.

രോഗവും കീടവും

ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, ശല്‍ക്കകീടങ്ങള്‍ എന്നിവയാണ് മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍ രോഗം, കടചീയല്‍രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍.