Don't miss

മാരുതി സുസുക്കി പുതിയ പ്രീമിയം സെഡാന്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കു

By on February 21, 2014

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഈ വര്‍ഷം പുതിയ പ്രീമിയം സെഡാന്‍ പുറത്തിറക്കിയേക്കും. അടുത്തിടെ നടന്ന ഓട്ടോഎക്‌സ്‌പോയില്‍ നിര്‍ദ്ദിഷ്‌ട മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണി വിഹിതം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണ്‌. ഇതിന്റെ ഭാഗമായാണ്‌ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്‌. യാത്രാവാഹന വിപണിയില്‍ നിലവില്‍ മാരുതിയുടെ വിപണി വിഹിതം 40 ശതമാനത്തിന്‌ മുകളിലാണ്‌. ഇത്‌ നിലനിര്‍ത്തുന്നതിന്‌ ഉത്‌പന്ന നിര ശക്തമാക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി.
പുതിയ കാറ്‌ അവതരിപ്പിക്കുന്നത്‌ 9.5 ലക്ഷം മുതല്‍ 12.5 ലക്ഷം രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും .മാരുതിയ്‌ക്ക്‌ നിലവില്‍ സാന്നിദ്ധ്യമില്ലാത്ത വിഭാഗമാണിത്‌. ഇതുവരെ ഉള്ളതില്‍ ഏറ്റവും വില കൂടിയ കമ്പനിയുടെ ഇന്ത്യന്‍ നിര്‍മ്മിത കാര്‍ എസ്‌എക്‌സ്‌4 ആണ്‌. 9 ലക്ഷത്തിന്‌ തൊട്ട്‌ മുകളിലാണ്‌ ഇതിന്റെ വില. പുതിയ കാര്‍ മത്സരിക്കുക ഹോണ്ട സിറ്റിയോടും ഹ്യുണ്ടായി വെര്‍ണയോടും ആയിരിക്കും. 2017 ഓടെ പരിഷ്‌കരിച്ച പതിപ്പുകള്‍ ഉള്‍പ്പടെ 12 പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ്‌ കമ്പനിയുടെ പദ്ധതി. സെലേറിയോ ആണ്‌ കമ്പനി അടുത്തിടെ പുറത്തിറക്കിയതില്‍ ഏറ്റവും ശ്രദ്ധേയമായ മോഡല്‍. ദിവസം 1,000 യൂണിറ്റ്‌ എന്ന നിലയിലാണ്‌ സെലേറിയോയുടെ ബുക്കിങ്‌ നടക്കുന്നത്‌. വര്‍ഷം ഓരോ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ്‌ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ ടോക്യോ മോട്ടോര്‍ ഷോയില്‍ പറഞ്ഞത്‌. എന്നാല്‍, ഈ വര്‍ഷം രണ്ട്‌ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.