Don't miss

മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുമായി ബാങ്ക് ഓഫ് ഇന്ത്യ

By on May 8, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: മികച്ച സിബില്‍ സ്‌കോര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കും. 30 ലക്ഷം രൂപയ്ക്കും മുകളിലേക്കും ‘ഭവന വായ്പകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 760 ഉം മുകളിലും സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് എം.സി.എല്‍.ആര്‍. നിരക്കിനോട് നാമമാത്ര ചെലവു കൂടി കൂട്ടിയാവും വായ്പ നല്‍കുക. ബാങ്കുകള്‍ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ പ ലിശയാണ് എം.സി.എല്‍.ആര്‍ നിരക്കു പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതിലും കുറഞ്ഞ നിരക്കില്‍ ബാങ്കുകള്‍ വായ്പ നല്‍കിക്കൂടാ.
ഉപഭോക്താവിന്റെ വായ്പ എടുത്തതുമായി ബന്ധപ്പെട്ട സ്വഭാവം, തിരിച്ചടവ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 300 മുതല്‍ 900 വരെയുള്ള സ്‌ക്കോറുകളാണ് സിബില്‍ നല്‍കുന്നത്. മിക്കവാറും ബാങ്കുകള്‍ ഇതു പരിശോധിച്ചാണ് വായ്പകള്‍ നല്‍കുന്നത്. ഉയര്‍ന്ന സ്‌ക്കോര്‍ ആണെങ്കില്‍ വായ്പ അനുവദിക്കാനുള്ള സാധ്യതയും ഉയരും. വായ്പകളുടെ കാര്യത്തില്‍ മികച്ച അച്ചടക്കം പാലിക്കുന്നവരെ ആദരിക്കേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി.
760 ഉം അതിനു മുകളിലും സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 30 ലക്ഷം രൂപയ്ക്കു മുകളില്‍ ‘ഭവന വായ്പ എടുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് എം.സി.എല്‍.ആര്‍. നിരക്കാവും ബാധകമാകുക. 759 പോയിന്റും താഴേയും ഉള്ളവര്‍ക്ക് എം.സി.എല്‍.ആര്‍. നിരക്കും 0.10 അടിസ്ഥാന പോയിന്റുകളുമായിരിക്കും ഒരു വര്‍ഷത്തേക്കുള്ള നിരക്ക്. മികച്ച വായ്പാ സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിബിലിന്റെ ഡയറക്ട് ടു കണ്‍സ്യൂമേഴ്‌സ് ഇന്ററാക്ടീവ് വിഭാഗം മേധാവി ഋഷികേശ് മേത്ത ചൂണ്ടിക്കാട്ടി. വേഗത്തിലും സൗകര്യമാര്‍ന്ന രീതിയിലും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us