മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴയില്‍ എസ്ബിഐ കുറവു വരുത്തി

By on March 13, 2018

മുംബൈ: ഏറെ സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴത്തുകയില്‍ കുറവു വരുത്തി. എഴുപത്തിയഞ്ചു ശതമാനം വരെ പിഴത്തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്.. പ്രതിമാസ മിനിമം ബാലന്‍സ് ഇല്ലാത്തതിന് നേരത്തെ 50 രൂപ വരെ ഈടാക്കിയിരുന്ന പിഴ ഇനിമുതല്‍ 15 രൂപയാണ് ഈടാക്കുക. പുതിയ നിരക്കുകൾ ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരിക. 25 കോടി ഉപഭോക്താക്കൾക്കാണ് പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.

മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപ പിഴ ഈടാക്കിയിരുന്നത് 15 രൂപയായി കുറച്ചു. ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. എന്നാൽ പിഴ തുകയിന്മേല്‍ ജിഎസ്ടി കൂടി നല്‍കേണ്ടിവരും.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പിന്നീട്, മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us