മുത്തൂറ്റ്‌ പ്ലാസ ഇനി ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ അടുത്തയാഴ്‌ച തുറക്കും

By on December 23, 2013

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളിലൊന്നായ മുത്തൂറ്റ്‌ പ്ലാസ ഹില്‍ട്ടണ്‍ വേള്‍ഡ്‌ വൈഡുമായി കൈകോര്‍ക്കുന്നു. ഹില്‍ട്ടന്റെ സംസ്ഥാനത്തെ ആദ്യ സംരംഭം അടുത്തയാഴ്‌ച തുറക്കും. മുത്തൂറ്റ്‌ – ഹില്‍ട്ടണ്‍ സംയുക്ത സംരംഭം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ എന്ന പേരിലായിരിക്കും. പഞ്ചനക്ഷത്ര ഹോട്ടലാണിത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്‌ കീഴിലുള്ള മുത്തൂറ്റ്‌ ഹോട്ടല്‍സ്‌ ആന്റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ടചര്‍ വെഞ്ച്വേഴ്‌സ്‌ പ്രൈവററ്‌ ലിമിറ്റഡായിരിക്കും ഹോട്ടല്‍ ഉടമകള്‍. ഹില്‍ട്ടണ്‍ ആണ്‌ പരിപാലനം. 134 മുറികളുണ്ട്‌. ഇതില്‍ സ്യൂട്ട്‌ റൂമുകള്‍ ഉല്‍ക്കൊള്ളുന്നു. ഗാര്‍ഡന്‍ഗ്രില്‍ റെസ്റ്റോറന്റ്‌ 24*7 സേവനം നല്‍കും. ബാര്‍, ഫിറ്റ്‌നെസ്‌ സെന്റര്‍ എന്നിവ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്‌. 450 പേര്‍ക്കിരിക്കാവുന്നതാണ്‌ കോണ്‍ഫറന്‍സ്‌ ഹാള്‍. ചെറിയ കോണ്‍ഫറന്‍സുകള്‍ക്കും സൗകര്യമുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബിസിനസ്‌ സെന്റര്‍, സൗജന്യ വൈ ഫൈ എന്നിവയുമുണ്ട്‌.
ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ നല്‍കുന്ന എല്ലാ സവിശേഷ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മുത്തൂറ്റ്‌ പ്ലാസ രണ്ടര വര്‍ഷം കൊണ്ടാണ്‌ പുതുക്കിപ്പണിതത്‌. പുതിയ ബ്ലോക്കും നിര്‍മിച്ചു. സ്റ്റാന്റേര്‍ഡ്‌, ഡീലക്‌സ്‌, സ്യൂട്ട്‌ എന്നിങ്ങനെ മൂന്ന്‌ തരം മുറികളുണ്ടാകും.
നല്ല പ്രതികരണമാണ്‌ കേരളത്തില്‍ നിന്ന്‌ ഹില്‍ട്ടണ്‍ പ്രതീക്ഷിക്കുന്നത്‌. അവര്‍ക്ക്‌ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്‌.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ഹില്‍ട്ടണുമായി ധാരണയിലെത്തിയതെന്ന്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ തോമസ്‌ ജോണ്‍ മുത്തൂറ്റ്‌ പറഞ്ഞു.

Follow Us