മോട്ടറോളയ്‌ക്ക്‌ ഇന്ത്യയില്‍ പ്ലാന്റ്‌ തുടങ്ങാന്‍ പദ്ധതി

By on May 28, 2015

മുംബൈ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ മോട്ടറോളയ്‌ക്ക്‌ ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ നിര്‍മാണ യൂണിറ്റ്‌ തുടങ്ങാന്‍ പദ്ധതി. ഇതിനുള്ള സാധ്യതകള്‍ കമ്പനി വിലയിരുത്തി തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഹാന്‍ഡ്‌സെറ്റ്‌ ബ്രാന്‍ഡായി മാറുക എന്നതാണ്‌ കമ്പനിയുടെ ലക്ഷ്യം.
` ഇന്ത്യയില്‍ ഉത്‌പാദന യൂണിറ്റ്‌ തുടങ്ങുന്ന കാര്യം വിലയിരുത്തി വരികയാണ്‌. എന്നാല്‍, പ്ലാന്റ്‌ എപ്പോഴായിരിക്കും സ്ഥാപിക്കുക എന്ന കാര്യം ഇപ്പോള്‍ പറയുക വിഷമമാണ്‌` മോട്ടറോള ഇന്ത്യ ജനറല്‍ മാനേജര്‍ അമിത്‌ ബോണി പറഞ്ഞു.
മോട്ടറോളയ്‌ക്ക്‌ ചെന്നൈയില്‍ ഒരു അസംബ്ലി, പാക്കേജിങ്‌ യൂണിറ്റ്‌ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്‌. ചെന്നൈയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം എങ്ങനെ പുനരാരംഭിക്കും എന്ന ചിന്തയിലാണ്‌ കമ്പനി. ഇത്‌ സംബന്ധിച്ച്‌ നിരവധി വിശകലനങ്ങള്‍ നടത്തുന്നുണ്ട്‌. നിലവില്‍ ചൈനയില്‍ നിന്നും മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകള്‍ ഇറക്കുമതി ചെയ്യുകയാണ്‌ ചെയ്യുന്നത്‌.
ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലായ ഫ്‌ളിപ്‌ കാര്‍ട്ട്‌ വഴിയാണ്‌ മോട്ടറോള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്നത്‌, സാധാരണ റീട്ടെയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ കമ്പനിയ്‌ക്ക്‌ പദ്ധതി ഇല്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടല്‍ വഴി 30 ലക്ഷം ഫോണുകള്‍ കമ്പനി വിറ്റു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വിപിണി വിഹിതം 5 ശതമാനം ആണ്‌.
ഓരോ വര്‍ഷവും 11 കോടിയുടെ സ്‌മാര്‍ട്‌ ഫോണുകള്‍ വിപണിയില്‍ എത്തുന്നുണ്ട്‌. ഇതില്‍ 80-85 ശതമാനത്തിന്റെ വില 12,000-13,000 രൂപയിലും താഴെയാണ്‌.നിലവില്‍ മോട്ടോ ഇ,ജി എക്‌സ്‌ എന്നിവ ഉള്‍പ്പടെ മോട്ടറോളയുടെ അഞ്ച്‌ മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട്‌.

Follow Us