മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് സഹായകമായി ഫണ്ട്‌സ് ജീനി ആപ്പ്‌

By on March 10, 2018

പ്രമുഖ നിക്ഷേപ സേവന സംരംഭമെന്ന നിലയില്‍ ശ്രദ്ധ നേടിയ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് അതിന്റെ സാമ്പത്തിക സേവനങ്ങളുടെ പട്ടികയില്‍ വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നു. നിക്ഷേപകരെ വളരെ പെട്ടെന്നു മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനു സഹായിക്കുന്ന ഫണ്ട്‌സ് ജീനി എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചുകൊണ്ട് ഓഹരി വ്യാപാരത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സമന്വയിപ്പിച്ചുളള ജിയോജിത്തിന്റെ മുന്നേറ്റത്തില്‍ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുകയാണ്. മിനിറ്റുകള്‍ക്കകം നിക്ഷേപകന് മ്യൂച്വല്‍ഫണ്ട് തെരഞ്ഞെടുത്ത് അതില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെന്നതാണ് ഫണ്ട്‌സ് ജീനി മൊബൈല്‍ ആപ്പിന്റെ സവിശേഷത. പതിനാലായിരത്തിലേറെ മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിന്നും ജിയോജിത്ത് ശുപാര്‍ശ ചെയ്യുന്നവ വിശകലനം ചെയ്ത് തൃപ്തികരമായവയില്‍ നിക്ഷേപം നടത്താന്‍ ഈ നൂതനമായ മൊബൈല്‍ ആപ്പ് സംവിധാനം വഴിയൊരുക്കുന്നു. പാന്‍, ആധാര്‍കാര്‍ഡ്, എന്നിവയുളള ഒരാള്‍ക്ക് മിനിറ്റുകള്‍കൊണ്ട് തന്നെ മ്യൂച്വല്‍ഫണ്ട് നിക്ഷേപമുണ്ടാക്കാം. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയകളൊന്നുമില്ലാതെ നിക്ഷേപരീതിയെ ലളിതമാക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് ആദ്യാമയി ഇന്റര്‍നെറ്റ് സാങ്കേതികതയിലൂന്നിയ ഓഹരി വ്യാപാരത്തിനു തുടക്കമിട്ട ജിയോജിത്ത് മ്യൂച്വല്‍ഫണ്ട് നിക്ഷേപരംഗത്തും അതിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുളള മുന്നേറ്റമാണ് ലക്ഷ്യമാക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സാര്‍വ്വത്രികമാക്കപ്പെടുന്ന സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ജനകീയ നിക്ഷേപമാര്‍ഗ്ഗമാക്കി വളര്‍ത്തുന്നതിന് ജിയോജിത്തിന്റെ ഈ പുതിയ നീക്കം സഹായകമാകുമെന്നു തന്നെയാണ് കരുതുന്നത്. ധനകാര്യ സേവനങ്ങള്‍ വളരെ വേഗത്തില്‍ സാധാരണക്കാരിലെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നതും പ്രധാനമാണ്. ആഗോളതലത്തില്‍തന്നെ മ്യൂച്വല്‍ ഫണ്ട് രംഗം ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്ത്യയിലാണെന്നിരിക്കെ ആ വളര്‍ച്ചയ്ക്ക് കൂടുതല്‍ ദൃഢത പകരാന്‍ ജിയോജിത്തിന്റെ നവനിക്ഷേപ രീതികള്‍ക്ക് കഴിയുമെന്നു തന്നെ കണക്കാക്കാം.

കസ്റ്റമര്‍ ഫ്രണ്ട്‌ലി സര്‍വ്വീസാണ് ജിയോജിത്ത് നല്‍കുന്നത് – അരുണ സുന്ദരരാജന്‍

രാജ്യം ഇന്ന് ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോഗത്തില്‍ വളരെ മുന്‍പന്തിയിലെത്തിയിരിക്കുന്നു. മൊബൈല്‍ ഡാറ്റാ ഉപയോഗിത്തില്‍ നമ്മള്‍ ചൈനയെ പിന്നിലാക്കിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജിയോജിത്തിന്റെ പുതിയ സംവിധാനം വളരെ ശ്രദ്ധേയമാകുന്നുണ്ട്. ലോകം ഇന്റര്‍നെറ്റിനെ കൗതുകപൂര്‍വ്വം നോക്കിത്തുടങ്ങിയ സമയത്താണ് ജിയോജിത്ത് ഇന്റര്‍നെറ്റ് അധിഷ്ഠിതസേവനം ആരംഭിക്കുന്നത്. ഞങ്ങള്‍ ഐഎഎസ് ജീവിതം ആരംഭിച്ച കാലത്തും ജിയോജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. വളരെ കസ്റ്റമര്‍ ഫ്രണ്ടിലിയായ സര്‍വ്വീസാണ് ജിയോജിത്തിന്റെ സേവനങ്ങളുടെ പ്രതേ്യകത. ഇപ്പോള്‍ ധനകാര്യ സേവനങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയെന്നത് സര്‍ക്കാരിന്റെ തന്നെ മുഖ്യ അജന്‍ഡയായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോഗത്തില്‍ ഇന്ത്യ അമേരിക്കയെയും ചൈനയെയും പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ്. മ്യൂച്വല്‍ ഫണ്ട് രംഗത്തും രാജ്യം മുന്നിലാണ്. ഈ വളര്‍ച്ചയില്‍ ജിയോജിത്തിനും ഫണ്ട്‌സ് ജീനി ആപ്പിനും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ.

(കേന്ദ്ര ടെലികോം സെക്രട്ടറിയും ടെലികോം കമ്മീഷന്‍ ചെയര്‍മാനുമാണ് )

ഇനി രണ്ടു മിനിറ്റുകൊണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം – സി.ജെ.ജോര്‍ജ്ജ്‌

മ്യൂച്വല്‍ ഫണ്ട് നിക്ഷേപരംഗത്ത് ഫണ്ട്‌സ് ജീനി ആപ്പ് വഴി ഒരു പുതിയ അദ്ധ്യായത്തിന് ജിയോജിത്ത് തുടക്കമിടുകയാണ്. ഇ-കെ.വൈ.സി വഴി വെറും രണ്ടു മിനിറ്റു കൊണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്നതാണ് ഫണ്ട്‌സ് ജീനി ആപ്പിന്റെ പ്രതേ്യകത. പാന്‍കാര്‍ഡും ആധാര്‍ക്കാര്‍ഡുമുളള ആര്‍ക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വളരെ വേഗത്തില്‍ സാദ്ധ്യമാകും. രാജ്യത്ത് ലഭ്യമായ പതിനാലായിരത്തിലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും ജിയോജിത്ത് ശുപാര്‍ശ ചെയ്യുന്ന സ്‌കീമുകളും ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
ജിയോജിത്തിന്റെ ആദ്യകാലങ്ങളില്‍ ടെലികോം സൗകര്യങ്ങള്‍ നമുക്ക് രാജ്യത്ത് പരിമിതമായിരുന്നു. ഇന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. വിവരസാങ്കേതികതയില്‍ രാജ്യം ഏറെ മുന്നേറിയിരിക്കുന്നു. രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് ഒഹരി വ്യാപാരത്തിന് തുടക്കമിടാന്‍ ജിയോജിത്തിനു സാധിച്ചു. നിക്ഷേപകരുടെ സൗകര്യം മുന്നില്‍ക്കണ്ട് അതിനൂതനമായ പുത്തന്‍ സാങ്കേതികതയാണ് മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിനായി ഒരുക്കിയിരിക്കുന്നത്.

(ജിയോജിത്ത് മാനേജിങ്ങ് ഡയറക്ടറാണ്)

മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ ജനകീയമാക്കും – കെ.ടി ജോസഫ്‌

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ മേഖലയില്‍ രാജ്യം അതിവേഗം വളരുകയാണ്. വന്‍കിടക്കാര്‍ മാത്രമല്ല സാധാരണ ജനങ്ങളും ഏറെ പ്രയോജനകരമായ ഒരു നിക്ഷേപ മാര്‍ഗ്ഗമെന്ന നിലയിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കാണുന്നത്. അതുകൊണ്ടു തന്നെ ജിയോജിത്തിന്റെ ഈ പുതിയ ഫണ്ട്‌സ് ജീനി ആപ്പ് പ്രതേ്യകം ശ്രദ്ധിക്കപ്പെടുന്നു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെപ്പറ്റി അറിയാനും സേവനം പ്രയോജനപ്പെടുത്താനും സാധാരണക്കാര്‍ക്കും അവസരമൊരുക്കുകയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്നുതന്നെയാണ് കരുതുന്നത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us