Don't miss

യാത്രാവാഹന കയറ്റുമതിയില്‍ മാരുതി സുസുക്കി മുന്നില്‍

By on October 23, 2017
marutiന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയില്‍ മാരുതി സുസുക്കി ഇന്ത്യ ആദ്യ സ്ഥാനത്തെത്തി. അതേസമയം ഇതുവരെ ഒന്നാംസ്ഥാനത്തായിരുന്ന  ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ നാലാം സ്ഥാനത്തക്ക് പിന്തള്ളപ്പെട്ടു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മാരുതി സുസുക്കി  ഇന്ത്യ 57,300 യാത്രാ വാഹനങ്ങള്‍ കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 54,008 വാഹനങ്ങളാണ് കമ്പനി കയറ്റി അച്ചത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതയില്‍ കയറ്റുമതിയില്‍ 6 ശതമാനം വളര്‍ച്ച നേടാന്‍ മാരുതി സുസുക്കിയ്ക്ക് കഴിഞ്ഞതായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയം പറയുന്നു.
ദീര്‍ഘനാളായി കയറ്റുമതിയില്‍ ആദ്യ സ്ഥാനത്തായിരുന്ന ഹ്യൂണ്ടായ് മോട്ടോറിന്റെ കയറ്റുമതി ഇക്കാലയളവില്‍ 29.25 ശതമാനം കുറഞ്ഞ് 44,585 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 63,014 യാത്രാ വാഹനങ്ങള്‍ കമ്പനി കയറ്റി അയച്ചിരുന്നു. നിലവില്‍ യാത്രാവാഹന കയറ്റുമതിയില്‍ ഫോക്‌സ് വാഗണിനും ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയ്ക്കും പിന്നിലാണ് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയുടെ സ്ഥാനം. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഫോക്‌സ് വാഗണ്‍ ഇന്ത്യയുടെ കയറ്റുമതി 16.92 ശതമാനം ഉയര്‍ന്ന്  50,410 യൂണിറ്റായി.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ കയറ്റി അയച്ചത് 43,114 വാഹനങ്ങളാണ്. ഈ വര്‍ഷം മെയില്‍ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ച  ജനറല്‍ മോട്ടോഴ്‌സ് ആണ് കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം ആദ്യ പകുതയില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ കയറ്റുമതി 47.72 ശതമാനം ഉയര്‍ന്ന് 45,222 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 30,613 യൂണിറ്റായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റം നത്താന്‍ സാധിക്കാത്തിതിനെ തുടര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഫോഡ് ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫോഡിന്റെ കയറ്റുമതി 34.78 ശതമാനം ഉയര്‍ന്ന് 42,412 യൂണിറ്റായി.
കഴിഞ്ഞ വര്‍ഷം കയറ്റുമതയില്‍ മൂന്നാംസ്ഥാനത്തായിരുന്ന നിസ്സാന്‍ ഈ വര്‍ഷം ആദ്യ പകുതയില്‍  ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കമ്പനിയുടെ കയറ്റുമതി 37.11 ശതമാനം ഇടിഞ്ഞ് 30,872 യൂണിറ്റായി.