Don't miss

യുഎഇ യിൽ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

By on February 6, 2017
uae

പ്രൊഫഷണലുകള്‍ക്കും വിദഗ്ദ്ധ തൊഴിലാളികൾക്കും മുന്‍ഗണന 

ദുബായ്: പ്രൊഫഷണലുകള്‍ക്കും വിവിധ മേഖലകളിലെ വിദഗ്ദര്‍ക്കും മുന്‍ഗണന നല്‍കുന്ന പുതിയ വിസ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിസ പരിഷ്‌കരണ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ഉയര്‍ന്ന യോഗ്യതയുളളവരെയും, പ്രതിഭയുളളവരെയും ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

വിവിധ ഘട്ടങ്ങളിലായാണ് വിസ പരിഷ്‌കരണം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ടൂറിസം, ആരോഗ്യം, വിദ്യഭ്യാസം തുടങ്ങിയ രംഗങ്ങളിലുള്ള വിദഗ്ദര്‍ക്കാണ് വിസ നല്‍കുക. രണ്ടാം ഘട്ടത്തില്‍ ശാസ്ത്രം, ഗവേഷണം, സാങ്കേതികം, സാംസ്‌കാരിക മേഖലകളെ പരിഗണിക്കും. വിത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുള്ളവര്‍ക്ക് വിസ നടപടികള്‍ എളുപ്പത്തിലാക്കുകയാണ് യുഎഇയുടെ ലക്ഷ്യം. വിസ അനുവദിക്കുന്നതിനുള്ള മേഖലകള്‍ ഏതൊക്കെയെന്ന് മനസിലാക്കി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ദരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക വഴി ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളെ കൂടുതല്‍ ശക്തിപെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിസ നടപടികള്‍ ലളിതമാക്കുന്നതോടെ ലൈഫ് സ്റ്റൈല്‍, ഫിനാന്‍ഷ്യല്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ രാജ്യാന്തര കമ്പനികളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് വിലയിരുത്തുന്നു. അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് യുഎഇയില്‍ സ്ഥാപിക്കാനാവശ്യമായ സഹായം നല്‍കുന്നതുള്‍പെടെയുളള പദ്ധതികളും പുതിയ പരിഷ്‌കരണത്തിലുണ്ടാകും.

പുതിയ വിസ പരിഷ്‌കരണം മലയാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തില്‍  ഏറെ മുന്നേറിയ മലയാളി യുവാക്കള്‍ക്ക് വന്‍ അവസരങ്ങള്‍ യുഎഇയുടെ പുതിയ വിസ സംവിധാനം വഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.