രാജ്യത്തലവന്മാര്‍ക്ക് 4,469.50 കോടി ചെലവില്‍ ബുള്ളറ്റ് പ്രൂഫ് വിമാനം

By on March 16, 2018

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായി പുതിയ വിമാനങ്ങല്‍ വാങ്ങുന്നു. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ 777-300 ഇആര്‍ മോഡല്‍ വിമാനങ്ങളാണു വാങ്ങുന്നത്. ഇതിനായി 4,469.50 കോടി രൂപ നീക്കിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അത്യാധുനിക സുരക്ഷാ കവചവും ഉയര്‍ന്ന എന്‍ജിന്‍ കപ്പാസിറ്റിയുമുള്ള വിമാനത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പെടെയുള്ളവ സജ്ജമാക്കി 2020 ഓടെ രാജ്യത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ വിമാനങ്ങളുടെ കാലപ്പഴക്കമാണ് അത്യാധുനിക വിമാനങ്ങള്‍ വാങ്ങുന്നതിനു കാരണം. ബോയിങ് 747 400 മോഡല്‍ അഥവാ എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങളാണ് നിലവില്‍ ഇവര്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് കാലപ്പഴക്കമേറെയുള്ള സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നത്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ഇപ്പോള്‍ ബോയിംഗ് 747 400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തദ്ദേശീയ യാത്രകള്‍ക്കും അയല്‍ രാജ്യ യാത്രകള്‍ക്കുമായി എംബ്രെയര്‍ 135, എംബ്രയര്‍ 145, കസ്റ്റമൈസ് ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങള്‍ വിവിഐപി യാത്രകളില്ലാത്തപ്പോള്‍ സാധാരണ സര്‍വീസുകള്‍ക്കും നല്‍കാറുണ്ട്.
കേന്ദ്ര വേ്യാമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആകെ വിഹിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം വിഐപി വിമാനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നത്. വ്യോമയാന മേഖലയ്ക്കുള്ള ഈ വര്‍ഷത്തെ വിഹിതം ആകെ 6,602.86 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2710 കോടിയായിരുന്നു.

Follow Us