Don't miss

രാജ്യത്തെ ആദ്യ ‘കൂപ്പത്തോൺ’ കോഴിക്കോട് നടക്കും

By on April 25, 2018

ന്യൂഏജ് ന്യൂസ്

കോഴിക്കോട്: ആഗോള തലത്തിൽ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് സാങ്കേതിക പരിഹാരം നിർദ്ദേശിക്കുന്നതിനായുള്ള ആദ്യ ഹാക്കത്തോൺ കോഴിക്കോട് കേരള സ്റ്റാർട്ടപ് മിഷൻറെ പങ്കാളിത്തത്തോടെ നടക്കും. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മൻറാണ് ഏപ്രിൽ 29, 30 തിയതികളിൽ നടക്കുന്ന പരിപാടിയ്ക്ക് ആതിഥ്യം വഹിക്കുന്നത്.
കോഓപ്പറേറ്റീവ് ഹാക്കത്തോണിൻറെ ചുരുക്കപ്പേരായാണ് ‘കൂപ്പത്തോൺ’ എന്ന് ഈ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. മാറുന്ന തൊഴിൽ മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് ഈ ആഗോളസമ്മേളനം നടക്കുന്നത്. ഇൻറർനാഷണൽ കോഓപ്പറേറ്റീവ് അലയൻസ്(ഐസിഎ), ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ), ഐഐഎം കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഐസിഎയും യൂറോപ്യൻ യൂണിയനും സംയുക്തമായാണ് പരിപാടിയ്ക്ക് ഫണ്ട് ചെയ്യുന്നത്. ‘വികസനത്തിൽ സഹകരണമേഖലയുടെ പ്രസക്തി: പൊതുജന കേന്ദ്രീകൃതമായ വാണിജ്യ ഇടപെടലുകൾ’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഐസിഎ ഡോമസ് ട്രസ്റ്റും പരിപാടിയിൽ സഹകരിക്കുന്നുണ്ട്.
ഏഷ്യ പസഫിക് മേഖലയിൽ നിന്നുള്ള ഇരുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾക്കു മുമ്പാകെ കൂപ്പത്തോണിൽ മുന്നോട്ടു വരുന്ന മൂന്ന് പ്രധാനപ്പെട്ട ആശയങ്ങൾ സമർപ്പിക്കും. ആശയങ്ങൾ സ്റ്റാർട്ടപ്പ് സംരംഭങ്ങളായി പരിവർത്തനം ചെയ്യുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻറെ പിന്തുണയും 60,000 രൂപയുമാണ് ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയിലൂടെ മാത്രമേ മൂല്യങ്ങൾ മുന്നോട്ടു വയ്ക്കാനാകൂ എന്ന് കെ എസ് യു എം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കോപ്പത്തോൺ പോലുള്ള മത്സരങ്ങൾ വിവിധ സ്റ്റാർട്ടപ്പുകളെ ഒന്നിച്ചു കൊണ്ടു വരാനും മികച്ച ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖല നേരിടുന്ന സൂക്ഷ്മമായ പ്രശനങ്ങളെ പരിഹരിക്കുന്നതിനുതകുന്ന സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ആഗോള തലത്തിൽ സഹകരണമേഖല തയ്യാറാണെന്ന് യുഎൽസിസി അഡ്മിനിസ്‌ട്രേഷൻ മാനേജർ കിഷോർ കുമാർ പറഞ്ഞു. ഈ സമ്മേളനത്തിൻറെ പ്രമേയവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഗവേണൻസ്, മെമ്പർ മാനേജ്മൻറ് ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജ്മൻറ് ഇൻ കോപ്‌സ് ആൻഡ് നോളെഡ്ജ് മാനേജ്മൻറ് ഇൻ നോൺ ടെക് കോപ്‌സ് എന്നിവയാണ് കോപ്പത്തോണിൻറെ പ്രമേയങ്ങൾ.ആദ്യ ദിനം നിരവധി സഹകാരികളുമായി സംവദിക്കാനുള്ള അവസരം പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്.രജിസ്‌ട്രേഷനായി യശ.േഹ്യ/രീീുമവേീി എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടുക. മറ്റ് വിവരങ്ങൾ https://worldofwork.coop/coopathon-registration/ എന്ന സൈറ്റിൽ ലഭിക്കും.

Follow Us