Don't miss

രാജ്യത്തെ നാലിലൊന്ന് ജോലിക്കാര്‍ക്ക് ടാക്‌സ് സേവിങ് ഓപ്ഷനുകളെക്കുറിച്ച് അറിവില്ലെന്ന് സര്‍വേ

By on April 30, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: നികുതി ദായകരായ ശമ്പളക്കാരില്‍ നാലിലൊന്ന് പേര്‍ക്കും ടാക്‌സ് സേവിങ്‌സ് ഓപ്ഷനുകളെക്കുറിച്ച് അറിയില്ലെന്ന് ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തി. ഏഴു നഗരങ്ങളില്‍ 194 കോര്‍പറേറ്റുകളിലെ 1233 ജീവനക്കാര്‍ക്കിടയില്‍ നീല്‍സണ്‍ ഇന്ത്യ നടത്തിയ സെറ്റ എംപ്ലോയീ ബെനിഫിറ്റ് പഠനത്തിലാണ് ഇന്ത്യയിലെ നികുതിദായകരായ ജീവനക്കാരുടെ സ്ഥിതിയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ കണ്ടെത്തിയത്. റീഇമ്പേഴ്‌സ്‌മെന്റില്‍ നിന്നും ഒഴിവാകുന്ന 56 ശതമാനം ജീവനക്കാരും കൈയില്‍ കൂടുതല്‍ ശമ്പളം ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. ഇതുവഴി അവര്‍ക്കു ലഭിക്കേണ്ട നികുതി ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.
സിടിസിയുടെ ഭാഗമായി ശമ്പളക്കാരായ ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന ടാക്‌സ് സേവിങ്‌സ് ആനുകൂല്യമാണ് എംപ്ലോയീ ടാക്‌സ് ബെനിഫിറ്റ്‌സ്. ഇന്ധനം, ടെലിഫോണ്‍, എല്‍ടിഎ, ഗിഫ്റ്റ് വൗച്ചേഴ്‌സ് തുടങ്ങിയവയ്‌ക്കെല്ലാം ഇതുപ്രകാരം റീഇമ്പേഴ്‌സ്‌മെന്റ് ലഭിക്കും. ടെലികോം റീഇമ്പേഴ്‌സ്‌മെന്റാണ് രാജ്യത്ത് കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന ഏറ്റവും പ്രചാരമുള്ള ടാക്‌സ് ബെനിഫിറ്റെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇതിനു പിന്നിലായി ഇന്ധനം, എല്‍ടിഎ, ഗാഡ്ജറ്റ് തുടങ്ങിയ റീഇമ്പേഴ്‌സ്‌മെന്റുകള്‍ വരുന്നു. 94 ശതമാനം കമ്പനികളും സങ്കീര്‍ണമായ കാലതാമസമുണ്ടാക്കുന്ന പേപ്പര്‍ അധിഷ്ഠിത മാര്‍ഗങ്ങളാണ് റീഇമ്പേഴ്‌സ്‌മെന്റിന് ഉപയോഗിക്കുന്നത്.
റീഇമ്പേഴ്‌സ്‌മെന്റ് നടപടികള്‍ കാലതാമസമുണ്ടാക്കുന്ന ഏര്‍പ്പാടാണെന്ന് 62 ശതമാനം ജീവനക്കാരും അറിയിച്ചു. ഒരു ബില്ലിന്റെ ക്ലെയിം അപേക്ഷ നല്‍കാന്‍ മാത്രം ഒരു തൊഴിലാളി 23 മിനിറ്റ് ചെലവിടുന്നുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. 41 ശതമാനം ജീവനക്കാരും ഓരോ ക്ലെയിമിനും ഓരോ അപേക്ഷ നല്‍കുന്നവരാണ്. അവ്യക്തമായതും, അസാധുവായതുമായ പേപ്പര്‍ ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് 47 ശതമാനം കമ്പനികളും അവകാശപ്പെടുന്നു. 71 ശതമാനം കമ്പനികളും ഒരു ക്ലെയിം സെറ്റില്‍ ചെയ്യാന്‍ എട്ടു ദിവസമെടുക്കുന്നു. ചിലര്‍ക്ക് ഇതിന് രണ്ടാഴ്ചവരെ വേണം.
ഇന്ത്യയില്‍ തൊഴിലാളി ആനുകൂല്യങ്ങളുടെ പരിപാലനം വളരെ മോശമാണെന്നും തൊഴിലാളികള്‍ തങ്ങളുടെ വിലപ്പെട്ട സമയം ബില്ലുകളുടെ കാര്യങ്ങള്‍ക്കായി പാഴാക്കുകയാണെന്ന് സര്‍വേയില്‍ വ്യക്തമാണെന്നും സെറ്റ സഹസ്ഥാപകനും സിടിഒയുമായ രാംകി ഗഡ്ഡിപദി പറഞ്ഞു. ടാക്‌സ് ബെനിഫിറ്റ് കൈകാര്യം ചെയ്യാന്‍ എടുക്കുന്ന സമയം തൊഴിലാളിക്കു ലഭിക്കുന്ന നേട്ടത്തെ മറികടക്കുന്നുണ്ടെന്ന് മൂന്നില്‍ രണ്ടു കമ്പനികളും സമ്മതിച്ചു. 81 ശതമാനം കമ്പനികള്‍ക്കും റീഇമ്പേഴ്‌സ്‌മെന്റ് കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീം തന്നെയുണ്ടെന്ന് എച്ച്ആര്‍ മാനേജര്‍മാര്‍ പറഞ്ഞു. 90 ശതമാനം ജീവനക്കാര്‍ക്കും ഡിജിറ്റല്‍ നടപടികളോടാണ് താല്‍പര്യമെന്നും മാറ്റങ്ങളുടെ ഈ കാലത്ത് ഡിജിറ്റല്‍ മാറ്റം അനിവാര്യമാണെന്നും അത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും സെറ്റ സഹസ്ഥാപകനും സിഇഒയുമായ ഭവിന്‍ തുറഖിയ പറഞ്ഞു.

Follow Us