രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി മൂന്ന് മടങ്ങുയര്‍ന്നു

By on September 18, 2017

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി മൂന്ന് മടങ്ങുയര്‍ന്നു. 15.24 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം ഇക്കാലയളവില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 5.08 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി 1.11 ബല്യണ്‍ ഡോളറില്‍ നിന്നും 1.88 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണ ഇറക്കുമതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ വ്യാപാര കമ്മി കഴിഞ്ഞ മാസം 11.64 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 7.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. വരാനിരിക്കുന്ന ഉത്സവകാലത്തോട് അനുബന്ധിച്ച് സ്വര്‍ണ ഇറക്കുമതി ഉയരുമെന്നാണ് പ്രതീക്ഷ. ഈ മാസം അസാനത്തോടെ ഉത്സവകാലത്തിന് തുടക്കമാകും. സ്വര്‍ണത്തിന്റെ ഇറക്കുമതി ഉയരുന്നതാണ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ഉയരാനുള്ള പ്രധാന കാരണം. ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ അവസാനത്തോടെ സിഎഡി 14.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്താക്കള്‍ ഇന്ത്യയാണ്. സ്വര്‍ണാഭരണ മേഖലയ്ക്ക് വേണ്ടിയാണ് സ്വര്‍ണം കൂടുതലായും ഇറക്കുമതി ചെയ്യുന്നത്.

Follow Us