റിലയന്‍സ്‌ ഇന്‍ഫ്രയുടെ ലാഭം 26% കുറഞ്ഞു

By on May 28, 2015

മുംബൈ: റിലയന്‍സ്‌ ഇന്‍ഫ്രസ്‌ട്രക്‌ചറിന്റെ നാലാംപാദ ലാഭത്തില്‍ 26.11 ശതമാനം ഇടിവ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ കമ്പനിയുടെ ലാഭം 459.11 കോടി രൂപയാണ്‌. സിമന്റ്‌, മുബൈ മെട്രോ ബിസിനസ്സുകളില്‍ നഷ്ടം നേരിട്ടത്‌ ലാഭം കുറയാന്‍ കാരണമായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 621.42 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4,618.21 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 4,707.69 കോടി രൂപയായിരുന്നു. കമ്പനിയുടെ മുംബൈ മെട്രോ ബിസിനസ്സിലെ നഷ്ടം 70 കോടി രൂപയും സിമന്റ്‌ ബിസിനസ്സിലെ നഷ്ടം 55 കോടി രൂപയുമാണ്‌. ഇത്‌ ഒഴിവാക്കിയിരുന്നെങ്കില്‍ കമ്പനിയുടെ ലാഭത്തില്‍ 19 ശതമാനം വര്‍ധന ഉണ്ടാകുമായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ്‌ 4,140.63 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 4,159.66 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ഏകീകൃത മൊത്ത ലാഭം 1,800.18 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 1,913.67 കോടിയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം വരുമാനം 17,198.46 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 19,033.68 കോടി രൂപയായിരുന്നു.

Follow Us