Don't miss

റെക്കോഡ് ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

By on April 25, 2017

ഉത്പാദനം 273 ദശലക്ഷം ടണ്‍ എത്തുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം 2017-18 കാലയളവില്‍ റെക്കോഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ. ഇത് വരെ ഉള്ളതില്‍ ഏറ്റവും മികച്ച ഭക്ഷ്യധാന്യ ഉത്പാദനം ആണ് അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്മിടുന്നത്. ഭക്ഷ്യധാന്യ ഉത്പാദനം അടുത്ത വിളവെടുപ്പ് വര്‍ഷം 273 ദശലക്ഷം ടണ്‍ എത്തുമെന്നാണ് പ്രതീക്ഷ. മികച്ച കാല വര്‍ഷം ലഭിക്കുകയാണെങ്കില്‍ ഉത്പാദനം റെക്കോഡ് ഉയരത്തില്‍ എത്തുമെന്നാണ് കരുതുന്നത്. ജൂലൈയിലാണ് വിളവെടുപ്പ് കാലം തുടങ്ങുന്നത്.കൃഷി മന്ത്രാലയത്തിന്റെ രണ്ടാമത്തെ കണക്കെടുപ്പ് പ്രകാരം ഈ വര്‍ഷം ജൂലൈ -ജൂണ്‍ കാലയളവിലെ ഭക്ഷ്യധാന്യ ഉത്പാദനം 271.98 ദശലക്ഷം ടണ്ണില്‍ എത്തുമെന്നാണ്. അടുത്ത വര്‍ഷത്തെ ഭക്ഷ്യധാന്യ ഉത്പാദനം 273 ദശലക്ഷം ടണ്‍ ആണ് ലക്ഷ്യമിടുതെന്ന് കൃഷി മന്ത്രി രാധ മോഹന്‍ സിങ് പറഞ്ഞു.

മികച്ച കാല വര്‍ഷം ലഭിക്കുന്നത് ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
വരാനിരിക്കുന്ന ഖാരിഫ് കാലയളവിലേക്ക് ആവശ്യമായ വിത്തുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കൃഷി മന്ത്രാലയത്തിന്റെ അഭിപ്രായം. 83.46 ലക്ഷം ക്വിന്റല്‍ നെല്‍ വിത്തും 3.75 ലക്ഷം ക്വിന്റല്‍ തുവര പരിപ്പ് വിത്തും നിലവില്‍ ലഭ്യമാണ്. 28.99 ദശലക്ഷം ടണ്‍ വളമാണ് ഇക്കാലയളവിലേക്ക് ആവശ്യം.
ഖാരിഫ് കാലയളവിലെ വിളവെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിവിധ തരം വിളകളുടെ ഉയര്‍ന്ന ഗുണ നിലവാരത്തിലുള്ള വിത്തുകളും വളവും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ഇടുന്നുണ്ടെന്നും സിങ് പറഞ്ഞു. പ്രധാന മന്ത്രി ഫസല്‍ ഭീമ യോജന പോലെ കര്‍ഷകര്‍ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ശരിയായ സമയത്ത് ലഭ്യമാകുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണം എന്നും സിങ് ആവശ്യപ്പെട്ടു.