Don't miss

വരുന്നു കേരളത്തിന്റെ സ്വന്തം നീര ബ്രാൻഡ്; 29 നീര ഉത്പാദക കമ്പനികളെ ഒരുമിപ്പിച്ച് ഒരേ ബ്രാൻഡിങ്ങിൽ വിപണിയിലെത്തിക്കാൻ ശ്രമം

By on May 16, 2018

തിരുവനന്തപുരം: നാളികേര കർഷകർക്ക് നല്ല കാലം വാഗ്ദാനം ചെയ്ത് നടപ്പിലാക്കിയ നീര ഉത്പാദനവും വിപണനവും ലക്ഷ്യത്തിലെത്താത്തത് തിരിച്ചറിഞ്ഞ്സമഗ്ര നടപടികളുമായി സർക്കാർ. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഗുണനിലവാരം ഏകീകരിച്ച് ഒരേ ബ്രാൻഡിങ്ങിൽ നീര ഏഴുമാസത്തിനുള്ളിൽ വിപണിയിലിറക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. ഗുണനിലവാരം ഏകീകരിക്കാനും പുതിയ പേരും ലോഗോയും ഉൾപ്പെടെയുള്ള ബ്രാൻഡിങ് തീരുമാനിക്കാനും രണ്ടു വിദഗ്ധസമിതികൾ രൂപവൽക്കരിച്ചു. നീരയുടെ ടെട്രാ പായ്ക്കിങ്ങിനും വിപണനത്തിനും സർക്കാർ നേരിട്ടു സഹായം നൽകും.

പ്രതിസന്ധിയിലായ നീര പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പദ്ധതിയാണെങ്കിലും അതിനെ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണു സർക്കാരിന്റെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി.

നാളികേര വികസന ബോർഡ്, കേന്ദ്ര നാണ്യവിള ഗവേഷണകേന്ദ്രം, കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളാണ് നീര ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ ഏകോപിപ്പിക്കാൻ ഈ മൂന്നു സ്ഥാപനങ്ങളിലെയും വിദഗ്ധരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി സർക്കാരിനു റിപ്പോർട്ടു നൽകും.

പൊതു ലോഗോയും പേരും തീരുമാനിക്കാൻ ഉൽപാദകസംഘങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചു. രണ്ടുസമിതികളും 22ന് ആദ്യയോഗം ചേരും.

നീര ഉൽപാദിപ്പിക്കുന്ന 29 കമ്പനികൾക്ക് അടുത്ത സാമ്പത്തികവർഷം നാളികേര മിഷൻ പദ്ധതിയുടെ ഭാഗമായി പ്രത്യേക സാമ്പത്തികസഹായം അനുവദിക്കും. പാലക്കാട്, വാഴക്കുളം എന്നിവിടങ്ങളിലെ ടെട്രാ പായ്ക്ക് യൂണിറ്റുകൾ നീര കമ്പനികൾക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കും. പരസ്യം ഉൾപ്പെടെയുള്ളവ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും തീരുമാനമായി.

കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാൻ തക്ക ശേഷിയുള്ളതായാണ് നീര ഉത്പാദനവും വിപണനവും കരുതപ്പെടുന്നത്. പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ പോയ ഈ പദ്ധതി വിജയിപ്പിച്ചാൽ അത് വൻ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us