Don't miss

വരുന്നു, മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാറുകള്‍

By on October 31, 2017

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയ്ക്കനുസൃതമായിട്ടാണ് ഈ തീരുമാനം. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ നിശ്ചിത ലക്ഷ്യം നേടുന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടില്ല. വിവിധ ഘടകങ്ങളെയും ആശ്രയിച്ചാണിതെന്ന് കമ്പനി പറഞ്ഞു.

“കമ്പനി ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും. എന്നാല്‍ എപ്പോള്‍ ആണ് എന്നത് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ല”. ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുതിയ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള കരട് നയം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്ന മുന്‍ നയത്തില്‍ നിന്നുള്ള മാറ്റമാണിത്.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വളരെ കുറവാണ്. ബാറ്ററികളുടെ ഉയര്‍ന്ന വില കാരണം നിര്‍മാണ ചെലവ് ഉയരുന്നതാണ് പ്രധാന കാരണം. ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ലാത്തതും ഒരു കാരണമാണ്. മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ കൈവശം ഇലക്ട്രിക് കാര്‍ ടെക്‌നോളജി ഉണ്ട്. അത് ലഭ്യമാക്കും. ഇതിന് പുറമെ ഹൈബ്രിഡ് , ഇലക്ട്രിക് കാറുകളുടെ ടെക്‌നോളജി പങ്കിടുന്നതിനായി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനുമായി മാരുതി സുസുക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നു.