Don't miss

വിപണിയിൽ ഐപിഒ വസന്തം: അടുത്ത ഊഴം നവംബര്‍ 7 ന് എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റേത്

By on October 26, 2017

മുംബൈ: എച്ച്ഡിഎഫ്‌സിയുടെ ഉപകമ്പനിയായ എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന നവംബര്‍ 7 ന് തുടങ്ങും.

എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റെ ഐപിഒയ്ക്ക് ഈ മാസം തുടക്കത്തിലാണ് വിപണി നിയന്ത്രകരായ സെബിയുടെ അനുമതി ലഭിച്ചത്. ആഗസ്റ്റിലാണ് കമ്പനി ഐപിഒ തുടങ്ങുന്നതിനായി സെബിയ്ക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. ഐപിഒയില്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ കൈവശമുള്ള 9.55 ശതമാനം ഓഹരികളും സ്റ്റാന്‍ഡാര്‍ഡ് ലൈഫ് മൗറേഷ്യസിന്റെ കൈവശമുള്ള 5.42 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം. നിലവില്‍ എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റെ 61.41 ശതമാനം ഓഹരികള്‍ എച്ച്ഡിഎഫ്‌സിയുടെ കൈവശമുണ്ട്. 34.86 ശതമാനം ഓഹരികളാണ് സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റെ കൈവശം ഉള്ളത്. ശേഷിക്കുന്ന ഓഹരികള്‍ ജീവനക്കാരുടെയും പ്രേംജി ഇന്‍വെസ്റ്റ്‌മെന്റിന്റെയും കൈവശമാണ് ഉള്ളത്.

ലിസ്റ്റിങിലൂടെ എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റെ ബ്രാന്‍ഡ് ശക്തമാക്കാനും നിലവിലെ ഓഹരി ഉടമകള്‍ക്ക് ധനലഭ്യത ഉറപ്പ് വരുത്താനും കഴിയുമൊണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ ലിസ്റ്റിങിലൂടെ ഇന്ത്യയില്‍ കമ്പനിയുടെ ഓഹരികള്‍ക്ക് പൊതു വിപണി ലഭ്യമാവുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

ഇന്ത്യയിലെ എച്ച്ഡിഎഫ്‌സി ലിമിറ്റഡും യുകെയുടെ സ്റ്റാന്‍ഡേര്‍ഡ് ലൈഫും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫ് ഇന്‍ഷൂറന്‍സ് . മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, എച്ച്ഡിഎഫ്‌സി ബാങ്ക്, ക്രഡിറ്റ് സ്വിസ്സ് സെക്യൂരിറ്റീസ്, സിഎല്‍എസ്എ ഇന്ത്യ, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് എന്നിവരാണ് ആഗോളതലത്തില്‍ ഇഷ്യുവിന് മേല്‍നോട്ടം വഹിക്കുത്. എഡല്‍വിസ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിഎഫ്‌സി ബാങ്ക്, ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ്, യുബിഎസ് സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

ആങ്കര്‍ നിക്ഷേപകര്‍ക്കായി ഐപിഒ നവംബര്‍ 6ന് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പൊതു നിക്ഷേപകര്‍ക്കായുള്ള ഐപിഒ നവംബര്‍ എഴിന് തുടങ്ങി നവെബര്‍ 9 ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് പിന്നീട് നിശ്ചയിക്കും. ഐപിഒ വഴി ഓഹരി വിറ്റഴിക്കുന്നതിലൂടെ 7,500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.