വിപണിവിഹിതം ഉയര്‍ത്താന്‍ ഗോഎയര്‍

By on December 23, 2013

മുംബൈ: രാജ്യത്തെ ബജറ്റ്‌ എയര്‍ലൈനായ ഗോഎയര്‍ വിപണിവിഹിതം ഉയര്‍ത്തുന്നതിനായി വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനൊരുങ്ങുന്നു. വാഡിയ ഗ്രൂപ്പിന്‌ കീഴിലുള്ള ഈ വിമാനക്കമ്പനിക്ക്‌ നിലവില്‍ 17 എയര്‍ബസ്‌ എ320 വിമാനങ്ങളാണ്‌ ഉള്ളത്‌. ജൂലായോടെ മൂന്നു വിമാനങ്ങള്‍ കൂടിയെത്തും.

ഇന്ധനക്ഷമത കൂടിയ 72 എ320നിയോ വിമാനങ്ങള്‍ക്ക്‌ കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. ഇത്‌ 2016 ഓടെ മാത്രമേ ഇവ ലഭിച്ചുതുടങ്ങൂ. ഈ സാഹചര്യത്തിലാണ്‌ അതുവരെയുള്ള ആവശ്യങ്ങള്‍ക്ക്‌ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ ഉദ്ദേശിക്കുന്നത്‌. നവംബറില്‍ കമ്പനിയുടെ വിപണിവിഹിതം 7.7 ശതമാനത്തില്‍ നിന്ന്‌ 8.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌.

എയര്‍ഏഷ്യ ഇന്ത്യ, ടാറ്റാ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ എന്നീ രണ്ടു വിമാനക്കമ്പനികള്‍ കൂടി അടുത്ത വര്‍ഷം സര്‍വീസ്‌ തുടങ്ങാനിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ വിപണി വിഹിതം നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചേ മതിയാകൂ.

വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിനായി എയര്‍ബസ്സുമായും ഏതാനും പാട്ടക്കമ്പനികളുമായും ചര്‍ച്ച നടത്തിവരികയാണെന്ന്‌ ഗോഎയറിന്റെ സിഇഒ ജോര്‍ജിയോ ഡി റോണി പറഞ്ഞു. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ വിമാനക്കമ്പനിയാകുകയല്ല തങ്ങളുടെ ലക്ഷ്യം. തങ്ങളെക്കാള്‍ വലിയ വിമാനക്കമ്പനികളുണ്ട്‌. പക്ഷെ, തങ്ങളുടെ വിമാനങ്ങളില്‍ പറക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്‌. 25 ശതമാനമാണ്‌ വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു.

Follow Us