വിവിധ മേഖലകളെ സമന്വയിപ്പിച്ച് കേരളത്തെ ആയുര്‍വേദ ഹബ്ബാക്കി മാറ്റും: മന്ത്രി കെ കെ ശൈലജ

By on April 17, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: ആയുര്‍വേദ ടൂറിസം, ബിസിനസ്, ചികിത്സ എന്നിവ സമന്വയിപ്പിച്ച്‌ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തെ ആയുര്‍വേദ ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി കെ കെ ശൈലജ. പുനര്‍നവ ആയുര്‍വേദ ഹോസ്പിറ്റലിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതിന്റെ ആദ്യഘട്ടമായി കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍-കല്യാട് പഞ്ചായത്തില്‍ ഇരിക്കൂര്‍ പുഴയുടെ തീരത്ത് 300 ഏക്കറില്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കുന്നത് ആരംഭിച്ചതായും രണ്ടുമാസത്തിനകം തറക്കല്ലിടുമെന്നും മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പുനര്‍നവ ഡയറക്ടര്‍ ഡോ. എം ആര്‍ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. കേപ് (കണ്ടിന്യൂയിങ് ആയുര്‍വേദ അവയര്‍നെസ് പ്രോഗ്രാം) അവാര്‍ഡ് സൗദി ആസ്ഥാനമായ അല്‍ ഹോകൈര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍ മൊഹ്സിന് അല്‍ ഹോ കൈറിനും മെഡിക്കല്‍ ടൂറിസം അവാര്‍ഡ് കെ എ അബൂബക്കര്‍ കിഴക്കേക്കരയ്ക്കും മന്ത്രി സമ്മാനിച്ചു. ഗുരുവന്ദനം പരിപാടിയില്‍ മുതിര്‍ന്ന ആയുര്‍വേദ അധ്യാപകരായ ഡോ. എംആര്‍ വാസുദേവന്‍ നമ്പൂതിരി, ഡോ. പി കെ മോഹന്‍ലാല്‍, ഡോ. ടി ശങ്കരന്‍കുട്ടി, ഡോ. പി ശ്രീകണ്ഠന്‍ നായര്‍, ഡോ. പി കെ ശാന്തകുമാരി, പ്രൊഫ. ജോണ്‍ കെ ജോര്‍ജ്, പ്രൊഫ. വിദ്യാധരന്‍, പ്രൊഫ. വസന്തകോകിലം എന്നിവരെ ആദരിച്ചു.

രജതജൂബിലി പ്രമാണിച്ച്‌ പുനര്‍നവ ആവിഷ്കരിച്ച സാമൂഹ്യസേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.പുനര്‍നവ ചെയര്‍മാന്‍ ഡോ. എ എം അന്‍വര്‍ സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസീല അന്‍വര്‍ നന്ദിയും പറഞ്ഞു. പ്രിവന്റീവ് കാര്‍ഡിയോളജിയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ‘ഹൃദയപൂര്‍വം പുനര്‍നവ’യും ഇതോടനുബന്ധിച്ച്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us