വിഷം നിറഞ്ഞ മറുനാടന്‍ പച്ചക്കറികള്‍ നിയന്ത്രിക്കണം

By on May 28, 2015

സംസ്ഥാനത്ത്‌ വിഷം നിറഞ്ഞ മറുനാടന്‍ പച്ചക്കറികളെത്തുന്നത്‌ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക്‌ തുടക്കമിടുകയാണ്‌. തമിഴ്‌നാട്ടിലെ പച്ചക്കറി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌ ഇപ്പോഴത്തെ നടപടി. മറുനാടന്‍ പച്ചക്കറി ഉല്‌പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതുവഴി പലതരത്തിലുള്ള മാരകരോഗങ്ങളും വ്യാപകമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നാളുകളായി നിലനില്‍ക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ അധികരിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിന്റെ മൂലകാരണം ഇത്തരം വിഷലിപ്‌തമായ ഭക്ഷ്യവസ്‌തുക്കളാണെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംഘം പഠനം നടത്തിയത്‌. അനിയന്ത്രിതവും അശാസ്‌ത്രീയവുമായ വളം, കീടനാശിനി പ്രയോഗവും ആന്റിബയോട്ടിക്‌, ഹോര്‍മോണ്‍ പ്രയോഗങ്ങളുമാണ്‌ അവിടെ നടക്കുന്നത്‌. ഈ കൃഷിരീതികളിലൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന്‌ ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്നും പഠനസംഘം കണ്ടെത്തി. പോളിഹൗസ്‌ കൃഷിയിലും അമിതമായ കീടനാശിനി പ്രയോഗമാണ്‌ നിലനില്‍ക്കുന്നത്‌. കാലാവധി കഴിഞ്ഞ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇത്തരം കീടനാശിനികള്‍ കമ്പനികള്‍ തത്വദീക്ഷയില്ലാതെ വിറ്റഴിക്കുന്നത്‌ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്‌. ഏതു രീതിയിലും ഉല്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ലാഭം കൊയ്യുകയെന്ന ലക്ഷ്യം മാത്രമാണ്‌ ഇവിടെ പ്രധാനം. ചുരുക്കത്തില്‍ മറുനാടന്‍ കാര്‍ഷിക മേഖലയുടെ ലാഭക്കൊതിക്ക്‌ നമ്മള്‍ ഇരയായിത്തീരുകയാണ്‌ ചെയ്യുന്നത്‌. ജനങ്ങളുടെ ആരോഗ്യജീവിതത്തെ തകര്‍ക്കുന്ന മഹാവിപത്തെന്ന നിലയില്‍ തന്നെ വിഷം നിറഞ്ഞ ഈ പഴം, പച്ചക്കറി ഉല്‌പന്നങ്ങളെ കാണേണ്ടതുണ്ട്‌. തമിഴ്‌നാട്ടിലെ കാര്‍ഷിക ഉദ്യോഗസ്ഥ വൃന്ദത്തിനൊന്നും നിയന്ത്രണമില്ലാത്ത തരത്തിലാണ്‌ അവിടെ അമിത രാസവള കീടനാശിനി പ്രയോഗം നടക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കേരളം തമിഴ്‌നാട്‌ കാര്‍ഷികോല്‌പാദന കമ്മീഷണര്‍ക്ക്‌ ഇതു സംബന്ധിച്ച്‌ കത്ത്‌ നല്‍കിയിരിക്കുന്നത്‌. വിഷലിപ്‌തമായ പച്ചക്കറികള്‍ കേരളത്തിലേയ്‌ക്ക്‌ എത്തുന്നത്‌ തടയാന്‍ ഉദ്യോഗസ്ഥതലയോഗം വിളിക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും അത്തരം നടപടി ഉണ്ടായാലും ഇല്ലെങ്കിലും കേരളം ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത്തായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. കേരളം ജൈവകൃഷിയിലേയ്‌ക്ക്‌ ചുവടുമാറ്റുന്ന സാഹചര്യത്തില്‍ പച്ചക്കറിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉല്‌പാദനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തമായി പഴവും പച്ചക്കറി വിഭവങ്ങളും ഉല്‌പാദിപ്പിക്കുകയെന്ന ഉയര്‍ന്ന കാര്‍ഷികാവബോധത്തിലേയ്‌ക്ക്‌ നാടിനെ വഴിമാറ്റിയെടുക്കുന്ന തരത്തിലുള്ള കാര്യമായ ബോധവത്‌കരണ പരിപാടികള്‍ക്ക്‌ രൂപം നല്‍കുകയാണ്‌ വേണ്ടത്‌.

Follow Us