വി. മുരളീധരന്‍ രാജ്യസഭയിലേക്ക്; ബി.ജെ.പി തീരുമാനത്തിൽ ബിഡിജെഎസ് നേതൃത്വം കടുത്ത അമർഷത്തിൽ; എന്‍ഡിഎ വിട്ടേക്കുമെന്നു റിപ്പോർട്ടുകൾ; അന്തിമ തീരുമാനം ബുധനാഴ്ച

By on March 12, 2018

ന്യൂഡല്‍ഹി : ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പാര്‍ട്ടിയുടെ മഹാരാഷ്ട്രയിൽ നിന്നുമുള്ള രാജ്യസഭാ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു മുമ്ബായി ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഇടം നല്‍കിയില്ല. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ നൽകിയ ഉറപ്പും പാഴ്വാക്കായതോടെ എൻ ഡി എ മുന്നണി വിടുന്നതിനെക്കുറിച്ച് ബിഡിജെഎസ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചനകൾ. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.
കണിച്ചുകുളങ്ങരയില്‍ 14ന് ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകള്‍ ബിജെപിയുടെ ഭാഗത്തുനിന്നുതന്നെ പുറത്തുവന്നിരുന്നു. അതിനിടെയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ വി.മുരളീധരനെ മഹാരാഷ്ട്രയിൽ ഒഴിവു വരുന്ന സീറ്റിൽ നിന്നും രാജ്യസഭയിലേക്ക് എത്തിക്കുവാൻ ദേശിയ നേതൃത്വം തീരുമാനിച്ചത്. ഇതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമീപിച്ചിരിക്കെ ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നകാര്യത്തിലും മാര്‍ച്ച് 14ന് ചേരുന്ന യോഗം നിർണായകമാവുകയാണ്.

രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍നിന്നു വീണ്ടും മത്സരിക്കും. വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 18 സ്ഥാനാര്‍ഥികളടങ്ങിയ പട്ടികയ്ക്കാണ് ബി.ജെ.പി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ത്രിപുരയ്ക്കു പിന്നാലെ ബംഗാളിലും കേരളത്തിലും അധികാരത്തിലെത്തുകയാണു ലക്ഷ്യമെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണു മുരളീധരനെ രാജ്യസഭയിലെത്തിക്കുന്നത്. നേരത്തെ ആര്‍.എസ്.എസ്. സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു വി.മുരളീധരനെ മാറ്റി കുമ്മനം രാജശേഖരന് ചുമതല കൈമാറിയിരുന്നു. എന്നാല്‍ ഈ നടപടി ഉദേശിച്ച ഫലം കണ്ടില്ലെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

നാരായണ്‍ റാണെ (മഹാരാഷ്ട്ര), സരോജ് പാണ്ഡെ (ചത്തീസ്ഗഢ്), അനില്‍ ബലൂനി (ഉത്തരാഖണ്ഡ്), കിരോരി ലാല്‍ മീന, മദന്‍ ലാല്‍ സൈനി (രാജസ്ഥാന്‍), ലഫ്. ജനറല്‍ (റിട്ട) ഡി.പി. വാത്സ് (ഹരിയാന), അജയ് പ്രതാപ് സിങ്, കൈലാഷ് സോണി (മധ്യപ്രദേശ്), അശോക് വാജ്പേയി, വിജയ് പാല്‍ സിങ് തോമാര്‍, സകാല്‍ ദീപ് രാജ്ഭര്‍, കാന്ത കര്‍ദം, ഡോ. അനില്‍ ജെയിന്‍, ജി.വി.എല്‍. നരസിംഹ റാവു, ഹര്‍നാഥ് സിങ് യാദവ് (യു.പി.), സമീര്‍ ഉര്‍നവ് (ഝാര്‍ഖണ്ഡ്) എന്നിവരാണ് എന്‍.ഡി.എയുടെ മറ്റു രാജ്യസഭാ സ്ഥാനാര്‍ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us