Don't miss

വൈദ്യുത കാര്‍ നിര്‍മിക്കാന്‍ ചേതന്‍ ഭഗത്

By on March 18, 2017
chetan759

പ്രശസ്ത നോവലിസ്റ്റും കോളമെഴുത്തുകാരനുമായ ചേതന്‍ ഭഗത് വൈദ്യുത കാര്‍ നിര്‍മാണ രംഗത്തേക്കു തിരിയുന്നു. ബാറ്ററിയില്‍ ഓടുന്ന കാര്‍ നിര്‍മാണ പദ്ധതിയില്‍ പങ്കാളിയാവുന്ന കാര്യം ചേതന്‍ ഭഗത് തന്നെയാണു ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഡല്‍ഹി ഐ ഐ ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷം ബാങ്കിങ് മേഖലയിലെ പ്രവൃത്തി പരിചയവുമായാണു ഭഗത് നോവല്‍ രചനയിലേക്കു തിരിഞ്ഞത്.

2004ല്‍ ‘ഫൈവ് പോയിന്റ് സംവണി’ലൂടെയായിരുന്നു ഭഗത് എന്ന എഴുത്തുകാരന്റെ അരങ്ങേറ്റം; തുടര്‍ന്നു വന്ന ‘വണ്‍ നൈറ്റ് അറ്റ് ദ് കോള്‍ സെന്റര്‍’(2005), ‘ദ് ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്’ (2008), ‘ടു സ്റ്റേറ്റ്സ്’ (2009), ‘റവല്യൂഷന്‍ 2020′ (2011), ‘ഹാഫ് ഗേള്‍ഫ്രണ്ട്’ (2014) എന്നീ രചനകള്‍ അദ്ദേഹത്തിന്റെ ജനപ്രീതിയും താരമൂല്യവും കുത്തനെ ഉയര്‍ത്തി.കോളമെഴുത്തിലേക്കും തിരക്കഥാരചനയിലേക്കും തിയറ്റര്‍ രംഗത്തേക്കും മോട്ടിവേഷനല്‍ സ്പീക്കറായുമൊക്കെ അദ്ദേഹം വളര്‍ന്നു.’ഗീയര്‍ മാറ്റുന്നു; എഴുത്തില്‍ നിന്നു വൈദ്യുത കാര്‍ നിര്‍മാണ പദ്ധതി സ്ഥാപിക്കുന്നുന്നു. എക്കാലവും മെക്കാനിക്കല്‍ എന്‍ജിനീയര്‍’ എന്നായിരുന്നു ‘ടൈം ടു ഗെറ്റ് സ്മാര്‍ട്ടര്‍’ എന്ന ഹാഷ്ടാഗില്‍ ഭഗത്തിന്റെ ട്വീറ്റ്. അതേസമയം പദ്ധതിയെക്കുറിച്ചു കൂടുതലൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം സന്നദ്ധനായില്ല. 87 ലക്ഷം പേരാണു ട്വിറ്ററില്‍ ചേതന്‍ ഭഗത്തിനെ പിന്തുടരുന്നത്. നിലവിലുള്ള ഏതെങ്കിലും വൈദ്യുത കാര്‍ നിര്‍മാതാക്കളുമായി സഹകരിക്കാനാണോ അതോ പുതിയ സംരംഭം സ്ഥാപിക്കാനാണോ ഭഗത് തയാറെടുക്കുന്നതെന്നു കാത്തിരുന്നു കാണണം. വ്യവസായ മേഖലയിലേക്കു കടക്കുമ്ബോഴും എഴുത്ത് ഉപേക്ഷിക്കില്ലെന്നു ഭഗത് സൂചിപ്പിച്ചിട്ടുണ്ട്.