സംസ്ഥാനത്ത് ചെറുനാരങ്ങാവില 140ലേക്ക്

By on April 11, 2018

വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില സംസ്ഥാനത്ത് കുത്തനെ കൂടി. കൊടുംചൂടില്‍ മലയാളികൾ നട്ടംതിരിയാൻ തുടങ്ങിയതോടെ പഴവര്‍ഗ-ശീതള പാനീയ വിപണിയും സജീവമായി. വിവിധ കമ്പനികളുടെ ശീതള പാനിയങ്ങളും പരമ്പരാഗത പാനിയങ്ങളും വേനല്‍ക്കാലത്ത് സജീവമാണെങ്കിലും ഏറ്റവുമധികം വില്‍ക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്. എന്നാല്‍ ഉല്‍പാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ചെറുനാരങ്ങാ വില പ്രതിദിനം വർദ്ധിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.

വേനല്‍ക്കാലത്തിനു മുമ്പ് കിലോ 50 രൂപയായിരുന്ന വില 120 മുതല്‍ 140 രൂപ വരെയെത്തി. സംസ്ഥാനത്ത് ചെറുനാരങ്ങാ ഉല്‍പാദനം വിരളമാണ്. സംസ്ഥാനത്തെ വ്യാപാരികള്‍ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെയും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ കുറവാണ്.

ഇതിനു പുറമേ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതും വിലവര്‍ധനയ്ക്കു കാരണമാകുന്നു. പകല്‍ച്ചൂട് വര്‍ധിച്ചതോടെ ശീതളപാനീയ വിപണിയും സജീവമായി. വിവിധതരം ഷെയ്ക്കുകള്‍, ജ്യൂസുകള്‍, സംഭാരം, കരിമ്പിൻ ജ്യൂസുകള്‍, കരിക്കിന്‍ വെള്ളം, വിവിധതരം സര്‍ബത്തുകള്‍ എല്ലാത്തിനും തന്നെ വിപണിയില്‍ മികച്ച ഡിമാൻഡാണുള്ളത്.

എന്നാല്‍ കരിക്കിന്‍ വെള്ളവും സംഭാരങ്ങളും ഇതര പാനിയങ്ങളും വഴിയോര വ്യാപാര ശാലകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചു. ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍, മാതളനാരങ്ങ, മാങ്ങാ എന്നിവയുടേയും പാളയംതോടന്‍, ഞാലിപ്പൂവന്‍ തുടങ്ങിയ വാഴപ്പഴങ്ങളുടെയും വില്‍പ്പന ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us