സംസ്ഥാനത്തെ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റം; 90 ശതമാനം തുക ചെലവഴിച്ചു

By on April 17, 2018

ന്യൂഏജ് ന്യൂസ്

സംസ്ഥാനത്ത് പദ്ധതി നിര്‍വഹണത്തില്‍ വലിയ മുന്നേറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ അവലോകനം വ്യക്തമാക്കുന്നു. സംസ്ഥാന പദ്ധതിയില്‍ 2017-18 വര്‍ഷം 91 ശതമാനം തുക ചെലവഴിച്ചു. 2016-17 ല്‍ ഇത് 88 ശതമാനവും 2015-16-ല്‍ 81 ശതമാനവുമായിരുന്നു. പ്രാദേശിക സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 85 ശതമാനമാണ് ചെലവഴിച്ചത്. മുന്‍വര്‍ഷം ഇത് 72 ശതമാനമായിരുന്നു. മൊത്തം പദ്ധതിയിലെ (പ്രാദേശിക സ്ഥാപനങ്ങളുടെത് ഉള്‍പ്പെടെ) ചെലവ് 90 ശതമാനമാണ്. മുന്‍ വര്‍ഷം 84 ശതമാനം. 26,500 കോടി രൂപയായിരുന്നു 2017-18 വര്‍ഷത്തെ അടങ്കല്‍. അതില്‍ 23,755 കോടി രൂപ ചെലവഴിച്ചു.പദ്ധതിനിര്‍വഹണം ഓരോ മൂന്നുമാസം കൂടുമ്പോഴും മുഖ്യമന്ത്രി അവലോകനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിരുന്നു തിങ്കളാഴ്ചത്തെ അവലോകനം. അടുത്ത ത്രൈമാസ അവലോകനം ജൂണില്‍ നടക്കും. യോഗത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്ത്രില്‍ എന്നിവരും വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.
ഓരോ വകുപ്പിന്റെയും പദ്ധതിച്ചെലവ് യോഗത്തില്‍ ധനവകുപ്പ് അവതരിപ്പിച്ചു. ചെലവ് താരതമ്യേന കുറവുളള വകുപ്പുകള്‍ പരിശോധന നടത്തണമെന്നും സമയബന്ധിതമായി പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2016-17 ല്‍ ആരംഭിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തുടര്‍ പ്രവൃത്തികള്‍ക്ക് വകുപ്പ് തലവ•ാര്‍ ഏപ്രില്‍ 30-ന് മുമ്പ് അനുമതി നല്‍കണം. നിര്‍മാണമില്ലാത്ത പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും മെയ് 31-ന് മുമ്പ് ലഭ്യമാക്കുമെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. നിര്‍മാണം ഉള്‍പ്പെടുന്ന പദ്ധതികള്‍ക്ക് ജൂണ്‍ 30-ന് മുമ്പ് ഭരണാനുമതി ലഭ്യമാക്കണം.വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ചരിത്രത്തിലാദ്യമായി പ്രാദേശിക സ്ഥാപനങ്ങളുടെ 95.58 ശതമാനം പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതികള്‍ ഇതിനകം അംഗീകാരം നല്‍കി. ഏപ്രില്‍ 30-ന് മുമ്പ് 100 ശതമാനം പദ്ധതികള്‍ക്കും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുന്നതിന് എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കാര്യത്തില്‍ സെക്രട്ടറിമാര്‍ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us