Don't miss

സംസ്ഥാന ഐടി നയത്തിലെ ഉപനയങ്ങള്‍ വര്‍ഷം തോറും അവലകോനം ചെയ്യും: ഐടി സെക്രട്ടറി എം ശിവശങ്കര്‍

By on February 7, 2018

മൂന്ന് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപ കരാറുകള്‍ കൈമാറി

കോഴിക്കോട്: സംസ്ഥാനത്തെ ഐടി നയം കാലികമാക്കാന്‍ ഉപനയങ്ങള്‍ വാര്‍ഷികാവലോകനം നടത്തുമെന്ന് സംസ്ഥാന ഇലക്‌ട്രോണിക്‌സ്‌ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങള്‍ക്ക് സാധാരണ അഞ്ച് വര്‍ഷമാണ് കാലാവധി. എന്നാല്‍ ഐടി അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് ഐടി നയത്തില്‍ ഉപനയങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നയത്തില്‍ മരവിപ്പ് ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കുമെന്നത് പരിഗണിച്ചാണ് വാര്‍ഷികാവലോകനം എന്ന ആശയം ഉയര്‍ന്നു വരുന്നതെന്നും ഐടി സെക്രട്ടറി പറഞ്ഞു.
വര്‍ഷം തോറും ഏപ്രില്‍ മെയ് മാസങ്ങളിലാണ് നയാവലോകനം നടത്തുന്നത്. ഈയവസരത്തില്‍ മാറി വരുന്ന സാങ്കേതികവിദ്യകളും നിക്ഷേപ സാധ്യതകളും വിലയിരുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള ചെറുകിട നിക്ഷേപകരുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കയ്യെടുക്കുമെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. നിക്ഷേപകരിലും സംരംഭകരിലും ഒരു പോലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനാണ് കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്റെ ശ്രമം.
മികച്ച ആശയങ്ങളുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ തന്നെ ധനസഹായം ചെയ്ത് മാതൃകകള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. മാലിന്യക്കുഴലുകള്‍ വൃത്തിയാക്കുന്ന യന്ത്രമനുഷ്യനെ രൂപീകരിച്ച ജെന്റോബാട്ടിക്‌സ് സ്റ്റാര്‍ട്ടപ്പ് പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഏഴു മാസത്തിനകം രാജ്യത്തെ പ്രമുഖ നിക്ഷേപകര്‍ ഈ സംരംഭത്തില്‍ നിക്ഷേപം നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ അന്തരീക്ഷമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലുള്ളതെന്ന് പ്രമുഖ എയ്ഞ്ജല്‍ നിക്ഷേപകന്‍ അനില്‍ ജോഷി ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളുടെ സാധ്യത കൂടിയതിനാല്‍ മാസത്തില്‍ രണ്ട് തവണ സംസ്ഥാനം സന്ദര്‍ശിക്കാറുണ്ട്. മൂന്ന് സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ അദ്ദേഹം ഉദ്ഘാടന സഭയില്‍ കൈമാറി. സെക്ടര്‍ ക്യൂബ്, പെര്‍ഫക്ട് ഫിറ്റ്, ജെന്റോബോട്ടിക്‌സ് എന്നീ സംരംഭങ്ങളിലാണ് അദ്ദേഹം നിക്ഷേപം നടത്തിയത്.
അടുത്ത ഏഴു വര്‍ഷം രാജ്യത്ത് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മികച്ച സാധ്യതയാണുള്ളതെന്ന് പ്രമുഖ എയ്ഞ്ജല്‍ നിക്ഷേപക കൂട്ടായ്മയായ ലീഡ് എയ്ഞ്ജലിന്റെ സ്ഥാപകന്‍ സുശാന്തോ മിത്ര ചൂണ്ടിക്കാട്ടി. 2025 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വളര്‍ച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറും. ജിഎസ്ടി, ആധാര്‍, നോട്ടു നിരോധനം എന്നിവയിലൂടെ കുറേക്കൂടി അച്ചടക്കമുള്ള സാമ്പത്തിക വ്യവസ്ഥായായി ഇന്ത്യ മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണഫലം അനുഭവിക്കാന്‍ സാധിക്കുന്നത് രാജ്യത്തെ സംരംഭകര്‍ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് പോലും വന്‍കിട നഗരങ്ങളിലെ സേവനങ്ങള്‍ ലഭ്യമാകുന്നു. ഇതെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.