Don't miss

സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

By on October 9, 2017

ന്യൂഡല്‍ഹി: വരും പാദങ്ങളില്‍ വളര്‍ച്ച മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയായ 5.7 ശതമാനത്തിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എത്തിയിരുന്നു.എന്നാല്‍ അതിന് ശേഷം സമ്പദ് വ്യവസ്ഥ തിരിച്ച് വരവിന്റെ പാതയിലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനി വരുന്ന രണ്ട് പാദങ്ങളില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7 ശതമാനത്തിന് മേല്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനെ തുടര്‍ന്ന് പലിശ നിരക്ക് താഴ്ത്തണം എന്ന ആവശ്യം പല മേഖലകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, പണപ്പെരുപ്പം ഉയരുന്നത് കണക്കിലെടുത്ത് ആര്‍ബിഐ പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറിയില്ല. വളര്‍ച്ച എന്നത് ധനനയ സമതിയുടെ ലക്ഷ്യങ്ങളില്‍ എപ്പേഴും ഉണ്ടായിരിക്കും എന്നാല്‍, പണപ്പെരുപ്പത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് പട്ടേല്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചു കൊണ്ട് പണപ്പെരുപ്പ ലക്ഷ്യം നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റിലെ ഉപഭോക്തൃ പണപ്പെരുപ്പം 3.36 ശതമാനം ആയിരുന്നു. ആര്‍ബിഐയുടെ ഹ്രസ്വകാലത്തിലെ വാര്‍ഷിക പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനമാണ്. ആര്‍ബിഐ കഴിഞ്ഞ ആഴ്ച നടന്ന ധനവായ്പ അവലോകനത്തില്‍ റിപ്പോ നിരക്ക് മാറ്റം വരുത്താതെ 6 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. കൂടാതെ പണപ്പെരുപ്പ പ്രതീക്ഷയില്‍ വര്‍ധന വരുത്തുകയും ചെയ്തിരുന്നു. സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള തിരിച്ച് വരവ് തുടങ്ങി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷ 6.7 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട് . മുമ്പ് പ്രവചിച്ചിരുന്നതിലും കൂടുതലാണിത്.