Don't miss

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യത്തിന് സര്‍വകാല റെക്കോര്‍ഡ്

By on June 15, 2017

കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതല്‍ക്കൂട്ടായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9,47,790 ടണ്‍ വരുന്ന 17,664.61 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 8,43,255 ടണ്ണും, 16,238 കോടി രൂപയുമായിരുന്നു. പന്ത്രണ്ട് ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തേതില്‍ തട്ടിച്ചു നോക്കിയാല്‍ ഉണ്ടായിരിക്കുന്നത്. രൂപക്രമത്തില്‍ കയറ്റുമതി വളര്‍ച്ച ഒന്‍പതു ശതമാനവും ഡോളര്‍ വിനിമയ നിരക്കനുസരിച്ച് വിദേശ നാണ്യം ആറു ശതമാനവും കൂടി.

കയറ്റുമതി രംഗത്തെ ഇഷ്ട ഉത്പന്നമായി മുളക് തുടര്‍ന്നു. ആകെ കയറ്റുമതിയുടെ ഏതാണ്ട് നാല്‍പത് ശതമാനത്തിലധികം മുളകാണ്. 5,070.75 കോടി രൂപയാണ് മുളക് കയറ്റുമതിയില്‍ നിന്നുള്ള വരുമാനം. അളവില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് മുളകില്‍ ഉണ്ടായതെങ്കില്‍ മൂല്യം 27 ശതമാനം കൂടി. തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ജീരകമാണ്. ജീരകത്തിന്റെ കയറ്റുമതി അളവില്‍ 22 ശതമാനവും മൂല്യത്തില്‍ 28 ശതമാനവുമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 1963.20 കോടി വിലമതിക്കുന്ന 1,19,000 ടണ്‍ ജീരകമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തത്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ച് സ്‌പൈസസ് ബോര്‍ഡ് എടുത്ത കര്‍ശന പരിശോധനകളുടെ കൂടി ഫലമാണിത്.കനത്ത വെല്ലുവിളികള്‍ നിറഞ്ഞ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികച്ച പ്രകടനത്തോടെയാണ് സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചതെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു. അന്താരാഷ്ട്ര വിപണനത്തിലെ എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ നേട്ടമെന്നത് ഏറെ സംതൃപ്തി നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഔഷധമേഖലയില്‍ വന്‍ഡിമാന്റുള്ള മഞ്ഞളിന്റെ കയറ്റുമതിയിലും ഗണ്യമായ വര്‍ധനയുണ്ടായി. 1241 കോടി രൂപ വില വരുന്ന 1,16,500 ടണ്‍ മഞ്ഞളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെരുംജീരകത്തിന്റെ കയറ്റുമതിയ്ക്കാണ് ഏറ്റവും വളര്‍ച്ചയുണ്ടായത്. അളവില്‍ 129 ശതമാനവും മൂല്യത്തില്‍ 79 ശതമാനവും വര്‍ധനയാണ് പെരുംജീരകം രേഖപ്പെടുത്തിയത്. വെളുത്തുള്ളിയുടെ കയറ്റുമതിയില്‍ മൂല്യത്തില്‍ 92 ശതമാനം വര്‍ധനയും അളവില്‍ 39 ശതമാനം വര്‍ധനയുമുണ്ടായി. ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 4050 ടണ്‍ ഉണ്ടായിരുന്നത് ഇക്കുറി 5070 ടണ്‍ കയറ്റുമതിയായി. അയമോദകം കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 53.28 കോടി രൂപയില്‍ നിന്ന് 62.46 കോടി രൂപയായി. അളവ് 5310 ടണില്‍ നിന്നും 6250 ടണ്ണായി.രാജ്യത്തെ ജൈവകൃഷിയുടെ പ്രധാനമേഖലയായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വലിയ ഏലത്തിന്റെ ഉത്പാദനം ഇനിയും കൂട്ടാനുള്ള പരിശ്രമം ഉണ്ടാകുമെന്ന് ഡോ എ ജയതിലക് പറഞ്ഞു. ഇക്കുറി വലിയ ഏലത്തിന്റെ കയറ്റുമതി അളവില്‍ 30 ശതമാനവും മൂല്യത്തില്‍ 9 ശതമാനവും വര്‍ധന നേടി.പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നും മികച്ച സംസ്‌കരണം നടത്തിയ ഉത്പന്നങ്ങളിലേക്ക് ആഗോള ജനത മാറുന്നതിന്റെ ഉദാഹരണമാണ് ഈകണക്കുകള്‍ കാണിക്കുന്നത്. അതിന്റെ ഫലമാണ് രാജ്യത്തെ സുഗന്ധവ്യഞ്‌ന കയറ്റുമതിയില്‍ ഉണ്ടായ ഈ നേട്ടം.