Don't miss

സ്പിന്നിംഗ് മില്ലുകളിലെ വൈദ്യുതി കുടിശ്ശിക: സാവകാശം നല്‍കാന്‍ ധാരണ

By on January 11, 2017

തിരുവനന്തപുരം: കേരളത്തിലെ സ്പിന്നിഗ് മില്ലുകളിലെ വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി.  പ്രതിസന്ധികള്‍ നേരിടുന്ന സ്പിന്നിംഗ് മില്ലുകളുടെ വൈദ്യുതി കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ സാവകാശം അനുവദിക്കണമന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍  അവശ്യപ്പെട്ടു.

സ്പിന്നിഗ് മില്ലുകള്‍ വരുത്തിയ 2016 ഡിസംബര്‍ വരെയുള്ള വൈദ്യുതി കുടിശ്ശിക തവണകളായി അടച്ചു തീര്‍ക്കുന്നതിന് ജൂണ്‍മാസം വരെ സമയം നല്‍ണമെന്നും , ജനുവരിമാസം മുതല്‍ അതാത് മാസത്തെ വൈദ്യുതി ചാര്‍ജ്ജ് യഥാസമയം തന്നെ അടക്കുമെന്നും സ്ഥാപന മാനേജിംഗ് ഡയറക്ടര്‍മാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ വ്യക്തമായ പാക്കേജ് ഉണ്ടാക്കണമെന്നും, നിലവിലുള്ള കുടിശ്ശികയുടെ കാര്യത്തില്‍ ബോര്‍ഡ് ചേര്‍ന്ന് അടിയന്തിര തീരുമാനം ഉണ്ടാക്കാമെന്നും, മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എത്രയും പെട്ടെന്ന് വൈദ്യുതി പു:നസ്ഥാപിക്കുമെന്നും വൈദ്യുതി മന്ത്രി എം.എം മണി ഉറപ്പ് നല്‍കി.

യോഗത്തില്‍  മന്ത്രിമാര്‍ക്ക് പുറമേ വ്യവസായ സ്പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗള്‍ ഐ.എ.എസ്, വൈദ്യുതി ഫിനാന്‍സ് ഡയറക്ടര്‍ എന്‍ എസ് പിള്ള, കൈത്തറി ഡയറക്ടര്‍ കെ സുധീര്‍, കെ.എസ്.ടി.സി എംഡി എം. ഗണേഷ്, ടെക്സ്ഫെഡ് എം.ഡി    ബി അരുല്‍ സെല്‍വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.