Don't miss

സ്മാര്‍ട്‌ഫോൺ വിപണിയിൽ ഇന്ത്യൻ കുതിപ്പ്; യുഎസിനെ മറികടന്നു

By on October 27, 2017

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ യുഎസിനെ മറകടന്ന് രണ്ടാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയായി ഇന്ത്യ മാറി. മുന്നിലുള്ളത് സാക്ഷാൽ ചൈന മാത്രം! ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന നാല് കോടി കടന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയാണ് സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായത്.

നൂറോളം മൊബൈല്‍ ഡിവൈസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. ഓരോ പാദത്തിലും പുതിയ നിരവധി ബ്രാന്‍ഡുകളും എത്തുന്നു. വില്‍പ്പന വളര്‍ച്ച വരും പാദങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സ്മാർട്ഫോൺ വിപണി വളർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ചൈനയാണെന്നത് പരസ്യമായ രഹസ്യം.

വില കുറഞ്ഞ സ്മാര്‍ട്‌ഫോണുകളാണ് വില്‍പ്പന ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന ബ്രാന്‍ഡുകള്‍ സാംസങ്, ഷവോമി, വിവോ,ഒപ്പോ, ലെനോവ എന്നിവയാണ്. രാജ്യത്തെ വില്‍പ്പനയുടെ 75 ശതമാനവും ഈ ബ്രാന്‍ഡുകളില്‍ നിന്നാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ സാംസങ് 94 ലക്ഷം സ്മാര്‍ട് ഫോണുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 30 ശതമാനം വര്‍ധന നേടി. രണ്ടാംസ്ഥാനത്തുള്ള ഷവോമിയുടെ വില്‍പ്പന 290 ശതമാനം ഉയര്‍ന്ന് 92 ലക്ഷം ആയി. ഈ വര്‍ഷം തുടക്കത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഐഫോണ്‍ വില്‍പ്പന ഇരട്ടിയോളം ഉയര്‍ന്ന് 9 ലക്ഷം യൂണിറ്റായി.