Don't miss

ഹഡ്‌കോയുടെ ഐപിഒ തുടങ്ങി

By on May 8, 2017

ആദ്യ ദിനം 43% വിതരണം ചെയ്യപ്പെട്ടു

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയുടെ ഐപിഒ തുടങ്ങി. ആദ്യ ദിനത്തില്‍ 43 ശതമാനം ഓഹരികള്‍ വിതരണം ചെയ്യപ്പെട്ടു.20,40,58,747 ഓഹരികളാണ് ഐപിഒ വഴി മൊത്തം ലഭ്യമാക്കുന്നത്. ഇതില്‍ 8,73,93,000 ഓഹരികള്‍ക്ക് ആദ്യ ദിനത്തില്‍ ബിഡ് ലഭിച്ചതായാണ് എന്‍എസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന വിവരം. ഐപിഒ വഴി 1,120 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതി ഓഹരി 56-60 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി കമ്പനിയിലെ 10 ശതമാനം ഓഹരികളാണ് കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നത്. ഐപിഒ മെയ് 11 ന് അവസാനിക്കും. രാജ്യത്തെ ഭവന പദ്ധതികള്‍ക്കും നഗര വികസ പദ്ധതികള്‍ക്കും വായ്പ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഹഡ്‌കോ. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 36,110 കോടി രൂപയുടേതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നടപടിയുടെ ഭാഗമായാണ് കമ്പനിയുടെ ഐപിഒ വിപണിയില്‍ എത്തുന്നത്. പൊതു മേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 56,500 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹഡ്‌കോയുടെ ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയത്. ഇഷ്യു വിലയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 5 ശതമാനം വരെ ഇളവ് ലഭിക്കും. ഐഡിബിഐ ക്യാപിറ്റല്‍, നോമുറ ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.