Don't miss

1.3 ലക്ഷം പേരുടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം

By on April 26, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ആധാർ വിവരങ്ങള്‍ പൂർണമായും സുരക്ഷിതമാണെന്നും ചോര്‍ത്താനാവില്ലെന്നും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ .ഡി.എ.ഐ ) സുപ്രീംകോടതിയില്‍ അവകാശപ്പെട്ടതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍, ബാങ്ക് വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത് എന്നാണു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌.

ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

എന്‍ട്രി റിപ്പോര്‍ട്ട് ഫോര്‍ സ്കീം ഹുദ്ഹുദ് എന്ന റിപ്പോര്‍ട്ടിനൊപ്പം സൈറ്റില്‍ ചേര്‍ത്തിരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഗുണഭോക്താക്കളുടെ വിലാസം,​ പഞ്ചായത്ത്,​ മൊബൈല്‍ നമ്പർ,​ റേഷന്‍ കാര്‍ഡ് നമ്പർ,​ തൊഴില്‍,​ ജാതി,​ മതം,​ ആധാര്‍ നമ്പർ,​ ബാങ്ക് അക്കൗണ്ട് നമ്പർ,​ ബ്രാഞ്ച് അടക്കമുള്ളവ ചോര്‍ന്നവയില്‍ പെടുന്നു. ആധാര്‍ സംബന്ധിച്ച്‌ പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകന്‍ ശ്രീനിവാസ് കോഡാലിയാണ് ഇത് സംബന്ധിച്ച്‌ സര്‍ക്കാരിനെ വിവരം അറിയിച്ചത്. സര്‍ക്കാര്‍ ഇതേക്കുറിച്ച്‌ പരിശോധിച്ച്‌ വരികയാണ്.

ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേ എന്ന് നേരെത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും യു.ഐ.ഡി.ഐ.എയോടും ചോദിച്ചിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു മറുപടി.

Follow Us