12,400 കോടിയുടെ ആസ്തി, ബാധ്യത തീര്‍ക്കാമെന്ന് വിജയ് മല്യ

By on March 11, 2018

ബംഗളൂരു: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്തിയുണ്ടെന്ന് മല്യയുടെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍. അതിനാല്‍ 6,000 കോടിയുടെ ബാധ്യത തീര്‍ക്കാനാവുമെന്നും കിങ് ഫിഷര്‍ ഉടമ വിജയ് മല്യ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ വിജയ് മല്യ കോടതിയില്‍ സമര്‍പ്പിച്ചു. വിജയ് മല്യയുടെ പേരിലുള്ള പരമാവധി ബാധ്യത 10,000 കോടിയിലധികം വരില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ സ്വത്തുവകകള്‍ പൂര്‍ണമായും കണ്ടുകെട്ടിയിരിക്കുകയാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് സംബന്ധിച്ച് ഏതു തരത്തിലുള്ള നിര്‍ദ്ദേശവും സ്വാഗതം ചെയ്യുന്നതായും മല്യയുടെ അഭിഭാഷകന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി തലവനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.
എസ്.ബി.ഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us