Don't miss

2042 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; പ്രവാസി ചിട്ടി അടുത്ത മാസം തുടങ്ങാന്‍ തീരുമാനം

By on April 26, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം അംഗീകാരം നല്‍കി. മലയോര-തീരദേശ ഹൈവേ, പാലങ്ങള്‍, ബൈപ്പാസ്, റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഫ്‌ളൈ ഓവര്‍, സര്‍ക്കാര്‍ കോളേജുകളുടെയും സ്‌കൂളുകളുടെയും അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കാണ് കിഫ്ബി അനുമതി നല്‍കിയത്.
അടുത്ത മാസം 3 മുതല്‍ പ്രവാസി ചിട്ടികള്‍ തുടങ്ങാനും കിഫ്ബി തീരുമാനിച്ചു. യോഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം അറിയിച്ചത്. ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്‍, ബ്രിട്ടൺ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. ബോണ്ടിറക്കാന്‍ കിഫ്ബിയെ സഹായിക്കാന്‍ ആക്‌സിസ് ബാങ്കിനെയും ചാര്‍ട്ടേഡ് ബാങ്കിനെയും തിരഞ്ഞെടുത്തു. ക്രെഡിറ്റ് റേറ്റിങ് നടത്താന്‍ അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളായ ഫിച്ച് റേറ്റിങ്, എ ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ് എന്നിവയെയും തിരഞ്ഞെടുത്തു.
കിഫ്ബിയില്‍ ഇതുവരെ 22,051 കോടിയുടെ 367 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി തോമസ് ഐസക് പറഞ്ഞു. ഇതില്‍ 3050 കോടി രൂപയുടെ പദ്ധതികളില്‍ നിര്‍മാണം തുടങ്ങി. 3435 കോടിരൂപയുടെ പദ്ധതികള്‍ ഉടന്‍ ടെന്‍ഡര്‍ ചെയ്യും. ഈ വര്‍ഷം പതിനായിരം കോടി സമാഹരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്തവര്‍ഷം ഇത് 20,000 കോടിരൂപയാവും. ധനവിഭവ സെക്രട്ടറി സഞ്ജീവ് കൗശിക്കും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Follow Us