
മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) മൂന്നാം ദിവസം മുഴുവനായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 45.5 ദശലക്ഷം ഓഹരികളാണ് ഓഫര്‍ വലിപ്പം എന്നിരിക്കെ 50.86 ദശലക്ഷം ഓഹരികള്‍ക്കുള്ള ബിഡ്ഡാണ് ലഭ്യമായത്. 112 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍.
ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചതിന് പുറകെയാണിത്. ആങ്കര്‍ ക്വാട്ട നേരത്തെ സബസ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. സ്റ്റോക്ക് വില എഫ്പിഒ വിലയ്ക്ക് താഴെയെത്തിയതിനാല്‍ ചെറുകിട നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
അവര്‍ക്കായി നീക്കിവച്ചതിന്റെ 12 ശതമാനം മാത്രമാണ് ലേലം ചെയ്യപ്പെട്ടത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് (ക്യുഐബി)തങ്ങളുടെ പങ്കിന്റെ 1.26 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനേതര നിക്ഷേപകര്‍ 332 ശതമാനം ബിഡ്ഡുകളാണ് സമര്‍പ്പിച്ചത്.
യഥാക്രമം 12.8 ദശലക്ഷം ഓഹരികള്‍ക്ക്് 16.1 ദശലക്ഷത്തിന്റെ സബസ്‌ക്രിപ്ഷനും 9.6 ദശലക്ഷത്തിനെതിരെ 31.93 ദശലക്ഷം സബ്‌സ്‌ക്രിപ്ഷനുകളും. ജീവനക്കാര്‍ അവര്‍ക്കായി നീക്കിവച്ചതിന്റെ 55 ശതമാനത്തിന് മാത്രമാണ് അപേക്ഷിച്ചത്. അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു.
ഓഹരികള്‍ കൂപ്പുകുത്തിയെങ്കിലും എഫ്പിഒയുമായി മുന്നോട്ടുപോകാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.