മുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കായി (എഎംസി) പുതിയ നിയമങ്ങള്‍ നടപ്പാക്കിയിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമകള്‍ക്ക് ലാഭവിഹിതവും റിഡംപ്ഷന്‍ വരുമാനവും കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. ഓരോ കമ്പനിയും ഡിവിഡന്റ് പേയ്‌മെന്റുകളും റിഡംപ്ഷന്‍ അല്ലെങ്കില്‍ റീപര്‍ച്ചേസ് വരുമാനവും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കൈമാറണം.
വരുമാനം കൈമാറുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, പലിശ നല്‍കാന്‍ എഎംസി ബാധ്യസ്ഥരാണ്. പേയ്‌മെന്റുകളുടെ ഭൗതിക ഡെസ്പാച്ച് അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ നടത്തുകയുള്ളൂവെന്നും അത്തരം കൈമാറലുകളില്‍ രേഖകള്‍ പരിപാലിക്കാന്‍ എഎംസികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും നിയമം പറയുന്നു. മ്യൂച്വല്‍ ഫണ്ട് ചട്ടങ്ങളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഭേദഗതി വരുത്തിയിട്ടുണ്ട്.
ജനുവരി 15 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. മാത്രമല്ല,ക്ലിയറിംഗ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മറ്റൊരു കോര്‍പ്പറേഷനിലേയ്ക്ക് കൊളാറ്ററല്‍, ഡെപ്പോസിറ്റ്, മാര്‍ജിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ആസ്തി, സെറ്റില്‍മെന്റ്, പൊസിഷന്‍ എന്നിവ മാറ്റുകയാണെങ്കില്‍ അത് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കണമെന്ന് ക്ലിയറിംഗ് കോര്‍പ്പറേഷനുകളോട് സെബി നിര്‍ദ്ദേശിച്ചു.
കൂടാതെ, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ് (എഐഎഫ്) ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഇത് പ്രകാരം, പദ്ധതിയുടെ ആദ്യ ക്ലോസ് നിര്‍ദ്ദിഷ്ട രീതിയില്‍ പ്രഖ്യാപിക്കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ഫീസ് അടച്ച് സ്‌കീം ആരംഭിക്കുന്നതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കണം, റെഗുലേറ്റര്‍ പറഞ്ഞു.